തലശ്ശേരി: അഴിമതിക്കെതിരായ പരസ്യസന്ദേശം എന്ന നിലയിലാണ് കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെതിരെ യാത്രയയപ്പില്‍ സംസാരിച്ചതെന്ന് പി പി ദിവ്യ കോടതിയില്‍. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താന്‍ രാഷ്ടീയ സമ്മര്‍ദ്ദം കാരണമാകരുത്. പ്രതികരണം നവീന്‍ ബാബു ആത്മഹത്യ ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയല്ല. രണ്ട് ദിവസം കാത്തിരിക്കണം എന്ന് പറഞ്ഞു. ഉപഹാരം നല്‍കുന്ന പരിപാടിയില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. ഈ പ്രസംഗത്തില്‍ എവിടെയാണ് ആത്മഹത്യയ്ക്ക് പ്രേരണയാകുന്ന പ്രതികരണമുള്ളതെന്നും ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ചോദിച്ചു. പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് വാദം.
‘അഴിമതിക്കെതിരായ സന്ദേശമാകണമെന്ന് കരുതിയാണ് പരസ്യമായി പ്രതികരിച്ചത്. സാമൂഹിക ഉത്തരവാദിത്തമാണ് നിറവേറ്റിയത്. ജനങ്ങള്‍ ആഗ്രഹിക്കുന്ന പ്രവര്‍ത്തനമാണ് ദിവ്യ നടത്തിയത്. എന്ത് വിലകൊടുത്തും അഴിമതി ഇല്ലാതാക്കണം. അഴിമതി പരാതി ആരെങ്കിലും അറിയിച്ചാല്‍ മിണ്ടാതിരിക്കണോ? മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പ്രത്യേക അജണ്ടയുണ്ട്. എഡിഎമ്മിനെതിരെ രണ്ട് പരാതികള്‍ ദിവ്യയ്ക്ക് ലഭിച്ചു. ഗംഗാധരന്‍ എന്നയാളുടേതാണ് ആദ്യത്തേത്. ഗംഗാധരന്റെ പരാതിയില്‍ തീരുമാനം എടുക്കാതെ വൈകിപ്പിച്ചു. പിന്നീട് പ്രശാന്ത് പരാതിയുമായി സമീപിച്ചു. ബുദ്ധിമുട്ടില്ലെങ്കില്‍ പ്രെട്രോള്‍ പമ്പിന് എന്‍ഒസി ചെയ്ത് കൊടുക്കാന്‍ ആവശ്യപ്പെട്ടു. 09.10.2024 ന് പ്രശാന്തിനെ ഇഎംഎസ് അക്കാദമിയില്‍ വെച്ച് കണ്ടപ്പോള്‍ ആവശ്യം നടത്തി തരാന്‍ ഒരു ലക്ഷം രൂപ നല്‍കിയെന്ന് പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ കേട്ടപ്പോള്‍ മിണ്ടാതിരിക്കാന്‍ കഴിയില്ല’, പി പി ദിവ്യയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
നവീന്‍ ബാബുവിനെതിരായ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ മാധ്യമങ്ങളെ വിളിച്ചത് താനാണെന്ന് ദിവ്യ സമ്മതിച്ചു. പരസ്യമായി പറഞ്ഞാല്‍ നന്നാകുമെന്ന് കരുതി. കളക്ടര്‍ അനൗപചാരികമായി പരിപാടിയിലേക്ക് ക്ഷണിച്ചു. 3 മണിക്ക് കളക്ടറെ വിളിച്ച് പരിപാടിയെ കുറിച്ച് അന്വേഷിച്ചു. പരാമര്‍ശം സദുദ്ദേശപരമായിരുന്നുവെന്നും ദിവ്യ വ്യക്തമാക്കി.
ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രിയുടെ പരാമര്‍ശം ദിവ്യ ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ പരാമര്‍ശം ഓര്‍ക്കണം. ചുറ്റിലും കണ്ണുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍ക്കണം. ഉദ്യോഗസ്ഥരെ ജാഗരൂകരാക്കാനാണ് തന്റെ പരാമര്‍ശങ്ങള്‍. പരാമര്‍ശം ഉപദേശരൂപേണയാണ്. രണ്ട് ദിവസം കാത്തിരിക്കണം എന്ന് പറഞ്ഞു. ഉപഹാരം നല്‍കുന്ന പരിപാടിയില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. ഈ പ്രസംഗത്തില്‍ എവിടെയാണ് ആത്മഹത്യയ്ക്ക് പ്രേരണയാകുന്ന പ്രതികരണമുള്ളത്. പ്രതികരണം നവീന്‍ ബാബു ആത്മഹത്യ ചെയ്യണം എന്ന ഉദ്ദേശത്തോടെ അല്ല കുട്ടികള്‍ ടിവി ഓഫ് ചെയ്യാന്‍ അമ്മ പറഞ്ഞാല്‍ കുട്ടി ആത്മഹത്യ ചെയ്യുന്നു. കുട്ടി ആത്മഹത്യ ചെയ്യാനാണോ അത് പറയുന്നതെന്നും പി പി ദിവ്യ ചോദിച്ചു.
രണ്ട് ദിവസം കഴിഞ്ഞുകാണാം എന്ന് പറഞ്ഞത് വിജിലന്‍സ് പരാതിയിലെ അന്വേഷണമാണ് ഉദ്ദേശിച്ചത്. ഒരുപാട് മാര്‍ഗങ്ങള്‍ എഡിഎമ്മിന് മുന്നിലുണ്ടായിരുന്നു. തനിക്കെതിരെ പരാതി നല്‍കാമായിരുന്നു. സംഭവം കുടുംബത്തെ ബാധിച്ചു. അസുഖ ബാധിതനായ പ്രായമായ അച്ഛന്‍ ഉണ്ട്. 10ാം തരത്തില്‍ പഠിക്കുന്ന മകളുണ്ട്. ജയിലിലേക്ക് അയച്ചാല്‍ അവരുടെ മാനസികാവസ്ഥ എന്തായിരിക്കും. തന്റെ മകള്‍ നാളെ അഴിമതിക്കെതിരെ ശബ്ദിക്കാന്‍ മടിക്കും. തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചോ ഇല്ലയോ എന്നതിന് പ്രസക്തിയില്ല. പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. പറഞ്ഞിട്ടുണ്ട്. രഹസ്യമായാണ് പറഞ്ഞതെങ്കില്‍ അഴിമതി ഒളിപ്പിച്ചുവെന്നു എന്ന് പറയുമെന്നും ദിവ്യ കോടതിയില്‍ വ്യക്തമാക്കി.
അഴിമതിക്കെതിരെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ബോര്‍ഡ് ഉണ്ട്. സ്വകാര്യപരിപാടി ആയിരുന്നില്ല. മാധ്യമ പ്രവര്‍ത്തകര്‍ വന്നാല്‍ എന്താണ് കുഴപ്പം. മാധ്യമങ്ങള്‍ക്ക് വീഡിയോ നല്‍കിയിട്ടുണ്ട്. പ്രശാന്തനും ഗംഗാധരനും നല്‍കിയ പരാതിയിലെ വസ്തുത തനിക്ക് അറിയില്ല. പരാതി ശരിയാണോ തെറ്റാണോയെന്നാണ് പൊലീസ് അന്വേഷിക്കേണ്ടത്. പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ അപ്പോള്‍ തന്നെ തിരുത്താമായിരുന്നു. മഹിളാ അസോസിയേഷന്‍ ഭാരവാഹിയാണ് ദിവ്യ. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമാണ്. ഒരുപാട് ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നയാളാണെന്നും ദിവ്യയുടെ പ്രവര്‍ത്തന പാരമ്പര്യം വിശദീകരിച്ചുകൊണ്ട് അഭിഭാഷകന്‍ പറഞ്ഞു.
നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ വരെ നേടിയിട്ടുണ്ട്. ഒരു ദിവസം 250 കിലോ മീറ്റര്‍ വരെ ചുമതല നിര്‍വഹണത്തിന്റെ ഭാഗമായി സഞ്ചരിക്കാറുണ്ട്. 24 മണിക്കൂര്‍ ജോലി ചെയ്യുന്ന പൊതു പ്രവര്‍ത്തകയാണ്. ഏത് സാധാരണക്കാരനും സമീപിക്കാവുന്ന വ്യക്തി. ഉത്തരവാദിത്തങ്ങള്‍ നന്നായി നിറവേറ്റുന്ന വ്യക്തി. അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിരവധി ആളുകള്‍ പ്രശ്‌നങ്ങളുമായി സമീപിക്കുന്ന പൊതു പ്രവര്‍ത്തകയാണ് ദിവ്യയെന്നും അഭിഭാഷകന്‍ വാദത്തിനിടെ പറഞ്ഞു.
Add Comment