Kerala

വോട്ടെടുപ്പ് കഴിയും വരെ രാഹുൽ മാങ്കൂട്ടത്തിന് ജാമ്യവ്യവസ്ഥയിൽ ഇളവ്

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇളവ്.

തിരുവനന്തപുരം സിജെഎം കോടതിയാണ് വോട്ടെടുപ്പ് തീരുന്നത് വരെ തിങ്കളാഴ്ചകളില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടേണ്ടെന്ന് വ്യക്തമാക്കിയത്. ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യുന്നതിനെതിരെ പൊലീസ് ഇന്നലെ നിലപാടെടുത്തിരുന്നെങ്കിലും ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ കോടതിക്ക് ഉചിതമായ നിലപാട് സ്വീകരിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.

പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർത്ഥിയായതിനാലാണ് രാഹുല്‍ ഇളവ് തേടിയത്. ഇളവ് നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും രാഹുലിനെതിരെ വേറെയും കേസുണ്ടെന്നും കാണിച്ചാണ് മ്യൂസിയം പൊലീസ് കോടതിയില്‍ ഇന്നലെ റിപ്പോർട്ട് നല്‍കിയത്. ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോള്‍ രാഹുല്‍ അന്വേഷണവുമായി സഹകരിക്കണമെന്ന ഉപാധിയോടെ ജാമ്യമാകാമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ പൊലീസ് എടുത്ത നിലപാടിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പൊലീസ് നിലപാട് മയപ്പെടുത്തിയത്. പൊലീസിനെ ഉപയോഗിച്ച്‌ സർക്കാർ രാഷ്ട്രീയ പ്രേരിത നീക്കം നടത്തുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ ആരോപണം.