Politics

പാലക്കാട് സരിനും രാഹുലും പത്രിക സമര്‍പ്പിച്ചു

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിനും യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാലക്കാട് ആര്‍ഡി ഓഫീസിലെത്തി ആര്‍ഡിഒ എസ് ശ്രീജിത്ത് മുമ്പാകെയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്. പാലക്കാട് സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു, സിപിഐ ജില്ലാ സെക്രട്ടറി കെപി സുരേഷ് രാജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഒപ്പമെത്തിയാണ് സരിന്‍ പത്രിക നല്‍കിയത്. സരിന് കെട്ടിവയ്ക്കാനുള്ള തുക ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കൈമാറി.

വി കെ ശ്രീകണ്ഠന്‍ എംപി, ഷാഫി പറമ്പില്‍ എംപി, എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, ഡിസിസി പ്രസിഡണ്ട് എ തങ്കപ്പന്‍ , ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ മരക്കാര്‍ മാരായമംഗലം എന്നിവര്‍ക്ക് ഒപ്പമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. പാലക്കാട്ടേക്ക് താമസം മാറ്റിയ രാഹുല്‍ കുന്നത്തൂര്‍മേടിലെ ഫ്ലാറ്റില്‍ പാലുകാച്ചല്‍ നടത്തി. അമ്മയില്‍ നിന്നും തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക സ്വീകരിച്ച ശേഷമാണ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. പ്രവര്‍ത്തകര്‍ക്കൊപ്പം മേലാ മുറിയില്‍ നിന്നും പ്രകടനമായി ആര്‍ഡി ഓഫീസിലെത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്.

എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കല്ലടിക്കോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രകടനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഒഴിവാക്കിയായിരുന്നു പത്രിക സമര്‍പ്പണം. മേലാമുറി പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളികളാണ് സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്.