Kerala

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യു ജോയിൻ്റ് കമ്മീഷണറുടെ റിപ്പോർട്ട്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ ക്ലീന്‍ ചിറ്റ്. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ ഗീത ഐഎഎസ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പെട്രോള്‍ പമ്പിനുള്ള അനുമതി വൈകിപ്പിച്ചില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫയല്‍ നീക്കത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പി പി ദിവ്യ ഒഴികെ 17 പേരുടെ മൊഴിയാണ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ രേഖപ്പെടുത്തിയത്.

കണ്ണൂര്‍ കളക്ടറുടെയും പരാതിക്കാരനായ പ്രശാന്തന്റെയും കളക്ടറേറ്റ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ അരുണ്‍ വിജയനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു എ ഗീതയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് കാര്യങ്ങള്‍ അന്വേഷിക്കാനായിരുന്നു ഗീതയെ ചുമതലപ്പെടുത്തിയത്.

എഡിഎമ്മിന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങള്‍ എന്തെല്ലാം, എഡിഎമ്മിനെതിരായ ദിവ്യയുടെ ആരോപണങ്ങള്‍, ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍, എന്‍ഒസി നല്‍കുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയാണ് ഗീത ഐഎഎസ് അന്വേഷിച്ചത്.