Kerala

പിണറായി ആദ്യം എംഎൽഎ ആയത് ആർഎസ്എസ് പിന്തുണയോടെ; വി ഡി സതീശൻ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി ആദ്യം എംഎൽഎ ആയത് ആർഎസ്എസ് പിന്തുണയോടെയാണെന്നും വർഗീയതയുമായി മുഖ്യമന്ത്രി സന്ധിചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. ആർഎസ്എസ് ദൂതനായിരുന്നു എം ആർ അജിത് കുമാർ. മുഖ്യമന്ത്രി പിണറായി വിജനാണ് അജിത് കുമാറിനെ അയച്ചത്. കാഫിർ സ്ക്രീൻ ഷോട്ട് വിവാദം ഇതിന്റെ തുടർച്ചയാണ്. ദേശീയ മാധ്യമത്തിന് അഭിമുഖം നൽകിയത് സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ്. കേസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും കോൺഗ്രസ് വർഗീയതയുമായി സഹകരിക്കില്ലെന്നും സതീശൻ പറഞ്ഞു.

ജമാ അത്തെ ഇസ്ലാമി വർഗീയ പാർട്ടിയാണെന്ന് ഇപ്പോഴാണ് മുഖ്യമന്ത്രി പറയുന്നത്. നേരത്തെ അവർ പിന്തുണ നൽകിയ സംഘടനയാണത്. ഇപ്പോഴുള്ള ഈ നിലപാട് ശുദ്ധ തട്ടിപ്പാണ്. എൻസിപി എംഎൽഎമാർക്ക് അൻപത് കോടി ഓഫർ ചെയ്തത് മുഖ്യമന്ത്രിക്ക് അറിയാം. ഇക്കാര്യം അറിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം പാലിച്ചത് ആർഎസ്എസ് ബന്ധത്തിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.

പി പി ദിവ്യയെ പൊലീസ് സംരക്ഷിക്കുകയാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, നവീൻ ബാബുവിന്റെ കുടുംബത്തോട് സർക്കാർ നുണ പറയുകയാണെന്നും ആരോപിച്ചു. എകെജി സെന്ററിലാണ് നവീൻ ബാബുവിനെതിരായ കത്ത് തയ്യാറാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് പ്രശാന്തൻ കത്ത് തയ്യാറാക്കിയത്.

പാലക്കാട് സിപിഐഎമ്മിനാണ് തിരിച്ചടി നേരിട്ടത്. കോൺഗ്രസ് പാലക്കാട് ഒറ്റക്കെട്ടാണ്. ഒരു ടീമായാണ് അവിടെ പാർട്ടി പ്രവർത്തിക്കുന്നത്. രാഹുലിനെയും രമ്യയെയും വിജയിപ്പിക്കുക മാത്രമാണ് ലക്ഷ്യം. സിപിഐഎമ്മിനെ ബാധിച്ച ജീർണത ഇടത് മുന്നണിയുടെ നാശത്തിന് കാരണമാവും. ഇടത് മുന്നണിയിൽ ഐക്യമില്ല. എൻസിപി, ജനതാദൾ എന്നിവർക്കൊക്കെ വ്യത്യസ്ത നിലപാടാണ്. ഒരു കാര്യത്തിലും അവിടെ ഏകാഭിപ്രായമില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

About the author

KeralaNews Reporter

Add Comment

Click here to post a comment