Kerala

ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

കോഴിക്കോട്: വെടിക്കെട്ട് അല്‍പ്പം വൈകിയതിനാണോ തൃശ്ശൂര്‍ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി. കള്ളം പ്രചരിപ്പിക്കാന്‍ ലീഗിന് എന്താണ് സംഘപരിവാറിനേക്കാള്‍ ആവേശം എന്നും മുഖ്യമന്ത്രി ചോദിച്ചു. പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

‘പൂരം കലക്കിയെന്നാണ് സംഘപരിവാറും ലീഗും ആക്ഷേപിക്കുന്നത്. പൂരം കലങ്ങിയോ? ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ? ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പ്പം വൈകിയെന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കല്‍. കള്ളപ്രചാരണം നടത്താന്‍ ലീഗിന് എന്തിനാണ് സംഘപരിവാറിനേക്കാള്‍ ആവേശം?’, മുഖ്യമന്ത്രി ചോദിച്ചു.

രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി പ്രസംഗത്തില്‍ ലീഗിനെതിരെ ഉയര്‍ത്തിയത്. ലീഗ് മലപ്പുറത്ത് വലിയ പ്രചാരണം അഴിച്ചു വിട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലീഗ് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും മലപ്പുറത്ത് കൂടുതല്‍ കേസുകള്‍ എടുക്കുന്നു എന്ന ലീഗ് പരാമര്‍ശം വ്യാജമാണെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. ലീഗാണ് മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗ് അസത്യം പ്രചരിപ്പിക്കുന്നു. സംസ്ഥാനത്ത് മലപ്പുറത്താണ് കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് ഒരു ഔദ്യോഗിക രേഖയിലുമില്ല. 40,000 താഴെ കേസുകളാണ് മലപ്പുറത്തുള്ളത്. എങ്ങനെ അത് കൂടുതല്‍ കേസുകളാകും? ലീഗ് സമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. സര്‍ക്കാരല്ല ലീഗാണ് അപകീര്‍ത്തിപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

About the author

KeralaNews Reporter

Add Comment

Click here to post a comment