Kerala

അബ്ദുല്‍ നാസര്‍ മഅ്ദനിയെക്കുറിച്ച് തന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ യാഥാര്‍ഥ്യം; പി ജയരാജന്‍

കോഴിക്കോട്: പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയെക്കുറിച്ച് തന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. താന്‍ പറഞ്ഞത് ചരിത്രമാണെന്നും മഅ്ദനി പിന്നീട് തന്റെ നിലപാട് മാറ്റിയിട്ടുണ്ടെന്ന് പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കേരളം: മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളില്‍ പി ജയരാജന്‍ മറുപടി നല്‍കിയത്.

പുസ്‌കതമെഴുതിയത് അബ്ദുല്‍ നാസര്‍ മഅ്ദനിയെ വിലയിരുത്താനെന്ന തെറ്റായ തോന്നലുണ്ടാക്കാനുള്ള ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളാണ് ഇത് പ്രചരിപ്പിച്ചതെന്നും പുസ്തകത്തെക്കുറിച്ച് സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘മഅ്ദനി മതതീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചു എന്ന് ഈ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. അത് വലിയ കാര്യമായി ചിത്രീകരിച്ചു. പൂന്തുറ കലാപത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് മഅ്ദനി നടത്തിയ പ്രസംഗവും ഐഎസ്എസിന്റെ തുടര്‍ന്നുള്ള വിഷലിപ്തമായ പ്രവര്‍ത്തനവും കലാപം വളര്‍ത്തുന്നതിന് വിളവേകിയെന്ന് 2008ലെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. മഅ്ദനി നടത്തിയ പ്രസംഗങ്ങള്‍ യുവാക്കള്‍ക്കിടയില്‍ തീവ്രവാദ ആശയങ്ങള്‍ രൂപപ്പെടാന്‍ കാരണമായിട്ടുണ്ടെന്നാണ് ഈ പുസ്തകത്തില്‍ പറയുന്നത്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് മഅ്ദനിയുടെ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. അതല്ലെ ചരിത്രം, അതല്ലെ വസ്തുത’, പി ജയരാജന്‍ വ്യക്തമാക്കി.

ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയെ ഈ പുസ്തകത്തില്‍ ആക്ഷേപിച്ചിരിക്കുന്നു എന്ന പ്രചരണം വസ്തുത മനസിലാക്കാതെയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളെക്കുറിച്ച് അക്കാലത്ത് വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. അത് യാഥാര്‍ത്ഥ്യമാണ്. അതേസമയം പില്‍ക്കാലത്ത് നിലപാടില്‍ മാറ്റം വന്നെന്നും പി ജയരാജന്‍ പറഞ്ഞു. ‘ബെംഗളൂരു സ്‌ഫോടനക്കേസില്‍ അദ്ദേഹം പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് വലിയ രീതിയിലുള്ള നീതി നിഷേധമാണുണ്ടായത്. കേരളത്തില്‍ പ്രവേശിക്കുന്നതിന് ഇതര സംസ്ഥാനത്തെ സര്‍ക്കാര്‍ ചെയ്തിട്ടുള്ള തടസങ്ങള്‍ അതിജീവിച്ച് അദ്ദേഹം ഇപ്പോള്‍ കേരളത്തില്‍ പ്രവേശിച്ചിട്ടുണ്ടെന്നും ഈ പുസ്തകത്തില്‍ പറയുന്നു. ചരിത്രത്തിനും വസ്തുതകള്‍ക്കും നിരക്കാത്ത യാതൊന്നും പുസ്തകത്തിലുണ്ടായിട്ടില്ല’, പി ജയരാജന്‍ പറഞ്ഞു.

ജയരാജനെന്തിനാ മുസ്‌ലിം സമുദായത്തെ കുറിച്ച് പറയുന്നത് എന്ന് ചോദിക്കുന്നവരോട്, ഹൈന്ദവ ഫാസിസത്തെ കുറിച്ച് പുസ്തകമെഴുതിയ തനിക്ക് മുസ്‌ലിം തീവ്രവാദത്തെ കുറിച്ചും പുസ്തകം എഴുതാന്‍ അര്‍ഹതയുണ്ടെന്ന് അദ്ദേഹം മറുപടി നല്‍കി. ലോകസമാധാനത്തിന് തന്നെ ഏറ്റവും വലിയ ശത്രു സാമ്രാജ്യത്വമാണ് എന്ന് പരസ്യമായി പ്രതികരിക്കുന്ന ഒരു പ്രസ്ഥാനമാണ് ഈ രാജ്യത്തിലെ സിപിഐഎമ്മും ഇടതുപക്ഷവുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ മഅ്ദനി പങ്കുവഹിച്ചിരുന്നുവെന്നാണ് പി ജയരാജന്റെ പുസ്തകത്തിൽ പരാമർശിക്കുന്നത്. ബാബരി മസ്ജിദ് തകര്‍ച്ചയ്ക്ക് ശേഷം മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ കേരളത്തിലുടനീളം നടത്തിയ പ്രഭാഷണ പര്യടനം തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചുവെന്ന് അദ്ദേഹം ആരോപിക്കുന്നു. മഅ്ദനി അതിവൈകാരികമായ പ്രസംഗങ്ങളിലൂടെ ആളുകള്‍ക്കിടയില്‍ തീവ്രചിന്താഗതികള്‍ വളര്‍ത്താന്‍ ശ്രമിച്ചുവെന്നും ഇതിലൂടെ ഒട്ടേറെ യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണെന്നും പി ജയരാജന്‍ പുസ്തകത്തില്‍ പറയുന്നുണ്ട്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനം ചെയ്തതിന് പിന്നാലെ പുസ്തകം കത്തിച്ച് പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മഅ്ദനിക്കെതിരായ തീവ്രവാദ ആരോപണത്തില്‍ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്ന് പിഡിപി ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ പ്രതികരിച്ചു. മഅ്ദനിക്ക് പി ജയരാജന്റെ നല്ല സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും മഅ്ദനി മുസ്‌ലിം യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘മഅ്ദനിക്കെതിരെ കേരളത്തില്‍ ഒരു കേസ് പോലും നിലനില്‍ക്കുന്നില്ല. 100 രൂപ പോലും പിഴയടക്കേണ്ടി വന്നിട്ടില്ല. അന്ധന്‍ ആനയെ കണ്ട പോലെയാണ് പി ജയരാജന്റെ പരാമര്‍ശം. പ്രസംഗത്തിന്റെ പേരില്‍ കേരളത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. മഅ്ദനിയുടെ കാല്‍ ആര്‍എസ്എസുകാര്‍ തകര്‍ത്തിട്ടും കേരളത്തില്‍ ഒരു അക്രമ സംഭവവും ഉണ്ടായിട്ടില്ല’, അലിയാര്‍ പറഞ്ഞു.

About the author

KeralaNews Reporter

Add Comment

Click here to post a comment