Kerala

ദി ഹിന്ദുവിലെ അഭിമുഖം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി നൽകി എച്ച്ആർഡിഎസ്

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ദി ഹിന്ദു ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ദില്ലി പൊലീസിനും ഗവർണർക്കും എച്ച്.ആർ.ഡി.എസ് പരാതി നൽകി. വിവാദ അഭിമുഖത്തിൽ മുഖ്യമന്ത്രി, മാധ്യമപ്രവർത്തക, ദി ഹിന്ദു, പിആർ ഏജൻസി എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതികളിൽ നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് എച്ച്ആ‍‍ർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ വ്യക്തമാക്കി. അഭിമുഖത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമർശം വൻ വിവാദമായി ആഴ്ചകൾക്ക് ശേഷമാണ് എച്ച്.ആർ.ഡി.എസ് പരാതി നൽകിയിരിക്കുന്നത്.

ദി ഹിന്ദുവിന് മുഖ്യമന്ത്രി നൽകിയ അഭിമുഖം വിവാദമായിരുന്നു. അഭിമുഖത്തിൽ മലപ്പുറത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശമായിരുന്നു ചർച്ചയായത്. പിന്നാലെ പരാമർശം താൻ നടത്തിയതല്ലെന്നും കൂട്ടിച്ചേർക്കപ്പെട്ടതാണെന്നും പറഞ്ഞ് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. പിന്നാലെ അഭിമുഖം നടക്കുന്ന സമയത്ത് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന പി ആർ ഏജൻസിയാണ് മലപ്പുറത്തെക്കുറിച്ചുള്ള പരാമർശം കെെമാറിയതെന്നായിരുന്നു പത്രത്തിൻറെ വിശദീകരണം.

എന്നാൽ അഭിമുഖത്തിനായി ഒരു പി ആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇതിനായി സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. താത്പര്യമുള്ളതുകൊണ്ട് കൂടിയാണ് അഭിമുഖത്തിന് അനുവാദം നൽകിയത്. പത്രത്തിലെ ലേഖികക്ക് ഒപ്പം ഒരാൾ കൂടി അഭിമുഖ സമയത്ത് ഉണ്ടായിരുന്നു എന്നും അത് പത്രത്തിന്റെ പ്രതിനിധികളാണെന്നാണ് കരുതിയത്. അത് പി ആർ ഏജൻസിയുടെ പ്രതിനിധിയാണെന്ന് അറിഞ്ഞത് പിന്നീടാണെന്നും പിണറായി പറഞ്ഞിരുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment