Kerala

പി ജയരാജന്റെ പുസ്തക പ്രകാശനത്തിനിടെ പ്രതിഷേധിച്ച പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോഴിക്കോട്: സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ പുസ്തക പ്രകാശനത്തിനിടെ പ്രതിഷേധിച്ച പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. മുപ്പതോളം പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘടിച്ചതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്.

പി ഡി പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പുസ്തക പ്രകാശന ചടങ്ങ് നടന്ന വേദിക്ക് പുറത്ത് പ്രതിഷേധിച്ചത്. പി ജയരാജന്റെ പുസ്തകത്തിന്റെ പുറംചട്ട കത്തിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. ‘കേരളം: മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകമാണ് പിഡിപി പ്രവര്‍ത്തകര്‍ കത്തിച്ച് പ്രതിഷേധിച്ചത്. പുസ്തക പ്രകാശനം നടത്തി മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം.

പുസ്തകത്തിലെ ആരോപണങ്ങളില്‍ സംവാദമാകാമെന്ന് പി ജയരാജനെ പിഡിപി ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ വെല്ലുവിളിക്കുകയുമുണ്ടായി. മഅ്ദനിക്ക് പി ജയരാജന്റെ നല്ല സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും മഅ്ദനി മുസ്ലിം യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘മഅ്ദനിക്കെതിരെ കേരളത്തില്‍ ഒരു കേസ് പോലും നിലനില്‍ക്കുന്നില്ല. 100 രൂപ പോലും പിഴയടക്കേണ്ടി വന്നിട്ടില്ല. അന്ധന്‍ ആനയെ കണ്ട പോലെയാണ് പി ജയരാജന്റെ പരാമര്‍ശം. പ്രസംഗത്തിന്റെ പേരില്‍ കേരളത്തില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. മഅ്ദനിയുടെ കാല്‍ ആര്‍എസ്എസുകാര്‍ തകര്‍ത്തിട്ടും കേരളത്തില്‍ ഒരു അക്രമ സംഭവവും ഉണ്ടായിട്ടില്ല’, എന്നും അലിയാര്‍ പറഞ്ഞിരുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment