Kerala

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ആകെ 1,94,706 വോട്ടർമാരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 1,00,290 പേർ സ്ത്രീകളാണ്. 94,412 പേർ പുരുഷന്മാരുമാണ്. 780 പേർ ഭിന്നശേഷിക്കാരും നാലുപേർ ട്രാൻസ്‌ജെൻഡർ വിഭാ​ഗത്തിൽപ്പെട്ടവരുമാണ്.

2021 ൽ 1,88,534 വോട്ടർമാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്. 2021 നെ അപേക്ഷിച്ച് ഇത്തവണ 6,172 വോട്ടർമാരാണ് കൂടുതൽ. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ 3,859 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 54,079 വോട്ടുകളാണ് ഷാഫി പറമ്പിൽ ആകെ നേടിയത്. രണ്ടാംസ്ഥാനത്തെത്തിയ എൻ ഡി എ സ്ഥാനാർത്ഥി ഇ ശ്രീധരൻ 50,220 വോട്ടുകളും എൽ ഡി എഫ് സ്ഥാനാർത്ഥി സി പി പ്രമോദ് 36,624 വോട്ടുകളും നേടിയിരുന്നു.

യുഡിഎഫ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിൽ, എൽഡിഎഫ് സ്വതന്ത്രനായി പി സരിൻ, എൻഡിഎക്ക് വേണ്ടി സി കൃഷ്ണകുമാർ എന്നിവരാണ് മത്സരരംഗത്തുള്ളത്. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കടന്നുവരവ് വിവാദങ്ങളും ഒപ്പം ആവേശവും മണ്ഡലത്തിലുണ്ടാക്കുന്നുണ്ട്. ഷാഫിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് നേതൃത്വം നൽകാനെത്തിയതിനാൽ മണ്ഡലമാകെ ആഴത്തിലുള്ള ബന്ധം രാഹുലിനുണ്ട്. ഷാഫി പറമ്പിൽ വടകരയിൽ മത്സരിക്കുമെന്ന് പാർട്ടി നിർദ്ദേശിച്ചതിന് പിന്നാലെ പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ നിരവധി നേതാക്കൾ രം​ഗത്തെത്തിയതോടെ പാലക്കാട് കോൺ​ഗ്രസിന് തിരിച്ചടിയായി. കോൺ​ഗ്രസ് നേതാവായിരുന്ന പി സരിൻ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ രം​ഗത്തെത്തിയതും പിന്നാലെ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് കോൺ​ഗ്രസിന് മണ്ഡലത്തിൽ ആദ്യ തിരിച്ചടിയുണ്ടാകുന്നത്. പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻസംസ്ഥാന സെക്രട്ടറി എ കെ ഷാനിബും രം​ഗത്തെത്തിയിരുന്നു. എ കെ ഷാനിബ് പാലക്കാട് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് സ്ഥാനാർത്ഥിത്വം പിൻവലിക്കുകയായിരുന്നു.

പാലക്കാട് എൽഡിഎഫ്-ബിജെപി ഡീലുണ്ടെന്നാരോപിച്ച് പ്രതിരോധം തീർക്കാനുള്ള ശ്രമത്തിലാണ് കോൺ​ഗ്രസ്. 1991ലെ പാലക്കാട് മുനിസിപ്പാലിറ്റി ഭരണം സിപിഎഐഎം പിടിച്ചത് ബിജെപി പിന്തുണയോടെയെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺ​ഗ്രസിന്റെ വാദം. കഴിഞ്ഞ ദിവസം ബിജെപി നേതാവ് സന്ദീപ് വാര്യർ എം എസ് ഗോപാലകൃഷ്ണൻ പിന്തുണ അഭ്യർത്ഥിച്ച് എഴുതിയ കത്ത് പുറത്തുവിട്ടതിന് പിന്നാലെയാണ് വിഷയത്തെ ആളിക്കത്തിക്കാനുള്ള നീക്കവുമായി കോൺ​ഗ്രസ് രം​ഗത്തെത്തിയത്. പാലക്കാട് എൽഡിഎഫിനുള്ളിൽ നേരത്തെ അബ്ദുൾ ഷുക്കൂറിന്റെ പരാമർശങ്ങൾ വിവാദമായിരുന്നെങ്കിലും പിന്നീട് ചർച്ചകൾക്ക് ശേഷം പാർട്ടിയുമായി സമവായത്തിലെത്തുകയായിരുന്നു.

കോൺ​ഗ്രസിലും ഇടതുപക്ഷത്തും വിവാദങ്ങൾ കനക്കുന്നതോടെ വിജയപ്രതീക്ഷയിലാണ് എൻഡിഎയും. പി വി അൻവറിന്റെ ഡിഎംകെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും പിന്നീട് സ്ഥാനാർത്ഥിത്വം പിൻവലിക്കുകയായിരുന്നു. നവംബർ 13നാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുക. നവംബർ 23നാണ് വോട്ടെണ്ണൽ.