പാലക്കാട്: പാലക്കാടിലെ സിപിഐഎം-ബിജെപി അന്തര്‍ധാരയുടെ മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്ത് വന്നതെന്ന് ടി സിദ്ദിഖ് എംഎല്‍എ. ഇനിയും പല ഡീലുകളും പുറത്തു വരാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സമയാസമയത്ത് അന്തര്‍ധാര അവര്‍ ഉപയോഗിച്ചിട്ടുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.
‘1991ല്‍ പാലക്കാട് നഗരസഭയില്‍ ഇടത് സ്ഥാനാര്‍ത്ഥി ജയിച്ചത് ബിജെപി പിന്തുണയോടെയാണ്. ഇടത് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. ബിജെപി അംഗങ്ങള്‍ സിപിഐഎമ്മിന് വോട്ട് ചെയ്തു. അന്നുമുതല്‍ തുടങ്ങിയ സിപിഐഎം-ബിജെപി പ്രത്യക്ഷ അന്തര്‍ധാര ഇപ്പോഴും തുടരുന്നു’, അദ്ദേഹം വ്യക്തമാക്കി.
തൃശൂര്‍ പൂരത്തെ ബിജെപിക്ക് വളരാനുള്ള പരീക്ഷണമാക്കി പിണറായി സര്‍ക്കാര്‍ മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐഎം-ബിജെപി അന്തര്‍ധാരയില്‍ ഏറ്റവും വില കൊടുക്കേണ്ടി വന്നത് ശബരിമലയിലാണെന്നും സിദ്ദിഖ് പറഞ്ഞു. ‘പന്തളം ഭാഗത്ത് ബിജെപിക്ക് അടിത്തറ പാകിയത് ശബരിമല വിഷയമാണ്. പാലക്കാട്ടെ സിപിഐഎം-ബിജെപി അവിശുദ്ധ സഖ്യം ജനങ്ങള്‍ തിരിച്ചറിയും. മുസ്‌ലിം സംഘടനകള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ ബിജെപി ബന്ധത്തിന്റെ തെളിവാണ്’, സിദ്ദിഖ് പറഞ്ഞു.
1991ലെ പാലക്കാട് മുനിസിപ്പാലിറ്റി ഭരണം സിപഐഎം പിടിച്ചത് ബിജെപി പിന്തുണയോടെയെന്ന് കാണിക്കുന്ന പത്രവാര്‍ത്ത സിദ്ദിഖ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ ദിവസം ബിജെപി നേതാവ് സന്ദീപ് വാര്യര്‍ എം എസ് ഗോപാലകൃഷ്ണന്‍ പിന്തുണ അഭ്യര്‍ത്ഥിച്ച് എഴുതിയ കത്ത് പുറത്തുവിട്ടതിന് പിന്നാലെയാണ് ടി സിദ്ദിഖ് പത്ര റിപ്പോര്‍ട്ട് പങ്കുവെച്ചത്.
Add Comment