കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സിപിഐഎം. പി പി ദിവ്യയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്താനാണ് പാർട്ടിയുടെ തീരുമാനം. ജില്ലാ സമ്മേളനം കഴിഞ്ഞ് വരുന്ന പുതിയ ജില്ലാ കമ്മിറ്റിയില്‍ ദിവ്യയെ ഉള്‍പ്പെടുത്താതിരിക്കാനാണ് തീരുമാനം. നടപടി പ്രത്യക്ഷത്തില്‍ പ്രഖ്യാപിക്കാതെ പരോക്ഷമായി നടപ്പില്‍ വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാർട്ടിയെന്ന് നിരന്തരം പാർട്ടി വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പി പി ദിവ്യക്കെതിരെ നടപടിയെടുക്കാനും പാർട്ടി നിർബന്ധിതരാണ്. പാർട്ടി അംഗമായ പി പി ദിവ്യക്കെതിരെ സംഘടനാ തലത്തിൽ നടപടിയെടുക്കാതെ പാർട്ടി ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. ഇതോടെ പാർട്ടിക്കെതിരെ ശക്തമായ വിമർശനങ്ങളും ഉയർന്നിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ നടപടി സ്വീകരിക്കാൻ വൈകുന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാകും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സമ്മേളന കാലത്തെ ഈ അസാധാരണ നടപടി.
അതേസമയം തൃശൂരിൽ ചേർന്ന യോഗത്തിൽ പി പി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടൻ ഇല്ലെന്നും തിടുക്കത്തിൽ തീരുമാനം വേണ്ടെന്നുമായിരുന്നു തീരുമാനം. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരുന്ന മുറയ്ക്ക് മാത്രം നടപടി മതിയെന്നും യോഗത്തിൽ ധാരണയായിരുന്നു.
ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി 29-നാണ് വിധി പറയുന്നത്. എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു നവീൻ ബാബു ജീവനൊടുക്കിയത്.
എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയിൽ ഈ രീതിയിൽ പ്രവർത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Add Comment