ന്യൂഡൽഹി: രാജ്യത്തെ വിമാനങ്ങളിലുണ്ടാകുന്ന ബോംബ് ഭീഷണിയിൽ രഹസ്യാന്വേഷണ ഏജൻസികൾ വിദേശ ഇടപെടൽ പരിശോധിക്കുകയാണ്. ഇന്നലെ മാത്രം 50 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. വിദേശത്ത് നിന്നാണ് കോളുകളെത്തുന്നതെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് വിദേശ ഇടപെടൽ പരിശോധിക്കുന്നത്. അന്വേഷണത്തിന് അന്താരാഷ്ട്ര ഏജൻസികളുടെ സഹായവും തേടുന്നുണ്ട്.
വിമാനങ്ങൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശങ്ങൾ തടയാൻ സാമൂഹികമാധ്യമ കമ്പനികൾക്കായി കേന്ദ്രഐടി മന്ത്രാലയം മാർഗനിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. മെറ്റയും, എക്സും അന്വേഷണത്തിന് സഹായിക്കണമെന്ന് ഐടി മന്ത്രാലയം ആവശ്യപ്പെട്ടു. അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാൻ സമൂഹമാധ്യമങ്ങൾക്ക് ബാധ്യതയുണ്ടെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ വിവരങ്ങൾ അന്വേഷണം ഏജൻസികൾക്ക് കൈമാറണമെന്നുമാണ് നിർദ്ദേശം.
രാജ്യസുരക്ഷാ, സാമ്പത്തിക സുരക്ഷ, ഐക്യം എന്നിവക്ക് ഭീഷണിയാവുന്ന വ്യാജ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും നീക്കം ചെയ്യുകയും വേണം. ഇല്ലെങ്കിൽ കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിന്നതായി കണക്കാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Add Comment