ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാതാരലേലത്തിന് മുമ്പായി അഞ്ച് താരങ്ങളെ ലഖ്നൗ സൂപ്പർ ജയന്റ്സ് നിലനിർത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ ടീം ക്യാപ്റ്റൻ കെ എൽ രാഹുലിനെ ലഖ്നൗ മാനേജ്മെന്റ് ഒഴിവാക്കിയേക്കും. രാഹുൽ വലിയ ഇന്നിംഗ്സുകൾ കളിക്കുമ്പോൾ ടീം പരാജയപ്പെടുന്നുവെന്നാണ് ലഖ്നൗ മാനേജ്മെന്റിന്റെ നിരീക്ഷണം. ബാറ്റിങ്ങിലെ മെല്ലെപ്പോക്കാണ് രാഹുലിന് തിരിച്ചടിയാകുന്നത്.
വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാനെയാണ് ആദ്യ താരമായി ലഖ്നൗ ടീമിൽ നിലനിർത്തുക. അടുത്ത സീസണിൽ ലഖ്നൗ നായകസ്ഥാനത്തേയ്ക്കും പുരാനെ പരിഗണിക്കുന്നുണ്ട്. യുവപേസർ മായങ്ക് യാദവിനെയും സ്പിന്നർ രവി ബിഷ്ണോയെയും നിലനിർത്താനും ലഖ്നൗ ആലോചിക്കുന്നുണ്ട്. ഇരുവരും ഇന്ത്യൻ ട്വന്റി 20 ടീമിന്റെ ഭാഗമായി മികച്ച പ്രകടനമാണ് തുടരുന്നത്.
അൺക്യാപ്ഡ് താരമായി ആയുഷ് ബദോനിയെയും മോഹ്സിൻ ഖാനെയും നിലനിർത്താനാണ് ലഖ്നൗ ആലോചിക്കുന്നത്. മെഗാലേലത്തിന് മുമ്പായി ഓരോ ടീമും നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിടാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഓരോ ടീമുകളും നിലനിർത്തുന്ന താരങ്ങളുടെ അവസാന പട്ടിക തയ്യാറാക്കുകയാണ്.
Add Comment