പാലക്കാട്: പാലക്കാട് എല്‍ഡിഎഫ് വേദിയിലെത്തി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ്. ഷാനിബിനെ ഷാളണിയിച്ചും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ സ്വീകരിച്ചു. രാജ്യസഭാ എംപി എ എ റഹീം, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് തുടങ്ങിയ നേതാക്കളാണ് ഷാനിബിനെ സ്വീകരിച്ചത്.
അതേസമയം താന്‍ കോണ്‍ഗ്രസായി തന്നെയാണ് ഇപ്പോള്‍ കടന്നുവന്നതെന്ന് ഷാനിബ് വ്യക്തമാക്കി. സിപിഐഎമ്മിലേക്ക് പോകുന്നതിന്റെ മുന്നോടിയായല്ല ഈ പരിപാടിയില്‍ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎമ്മിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഷാനിബ് പറഞ്ഞു. എന്നാല്‍ സരിന് വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സരിന് വേണ്ടി എല്ലായിടത്തും വോട്ട് ചോദിക്കണമെന്നാണ് ആഗ്രഹം. കോണ്‍ഗ്രസ് വോട്ട് സരിന് നേടും. സത്യം വിളിച്ച് പറഞ്ഞതിന്റെ പേരില്‍ പുറത്താക്കപ്പെട്ടയാളാണ് ഞാന്‍. വ്യക്തി, സാമ്പത്തിക, അധികാര താല്പര്യങ്ങള് മാത്രമാണ് കോണ്‍ഗ്രസിലുള്ളത്. ആര്‍ത്തി മാത്രമാണ് കൈമുതല്‍’, അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും വടകര എംപി ഷാഫി പറമ്പിലും ഉള്‍പ്പെടുന്ന കോക്കസിനെതിരെയാണ് തന്റെ പോരാട്ടമെന്ന് ഷാനിബ് പറഞ്ഞു. മതനിരപേക്ഷപരമായ എല്ലാ ആവശ്യങ്ങളില്‍ നിന്നും ഷാഫിയടക്കമുള്ള കോണ്‍ഗ്രസുകാര്‍ പിന്മാറുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസിനെ ആര്‍എസ്എസിന്റെ ആലയില്‍ കെട്ടുന്നതിനെതിരെയാണ് തന്റെ പോരാട്ടമെന്നും ഷാനിബ് പറയുന്നു. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് പ്രചരണത്തിന് വേണ്ടി പാലക്കാട്ടേക്ക് വരുമെന്ന് കരുതുന്നില്ലെന്നും എ കെ ഷാനിബ് വ്യക്തമാക്കി.
Add Comment