എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പുറത്തേക്ക്. ഏറെക്കാലമായി കോളേജില്‍ എത്തുന്നില്ലെന്നും കൃത്യമായ കാരണം അറിയിച്ചില്ലെങ്കില്‍ പുറത്താക്കുമെന്നുമാണ് വീട്ടുകാരെ രേഖാമൂലം അറിയിച്ചിരിക്കുന്നത്.
എന്നാല്‍ എക്സിറ്റ് ഓപ്ഷൻ എടുത്ത് പഠനം അവസാനിപ്പിക്കുകയണെന്ന് ആർഷോ മഹാരാജാസ് കോളേജിനെ അറിയിച്ചു. ആദ്യ ആറു സെമസ്റ്റർ പരീക്ഷകള്‍ പൂർണമായി ജയിക്കാത്തതിനാല്‍ എക്സിറ്റ് ഓപ്ഷൻ നല്‍കുന്നതില്‍ കോളേജ് അധികൃതർ സർവകലാശാലയോട് അഭിപ്രായം തേടി.
മഹാരാജാസ് കോളേജിലെ ആർജിക്കിയോളജി പിജി ഇൻറഗ്രേറ്റഡ് കോഴ്സിലെ ഏഴാം സെമസ്റ്റർ വിദ്യാർഥിയാണ് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായ പിഎം ആർഷോ. ഇക്കഴിഞ്ഞ18ന് കോളേജ് പ്രിൻസിപ്പല്‍ ഷജീലാ ബീവിയാണ് പിഎം ആർഷോയുടെ പിതാവ് പാലക്കാട് തച്ചാമ്ബാറ മുതുകുറുശി പഴുക്കത്തറ വീട്ടില്‍ പിസി മണിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ആർഷോയുടെ രക്ഷകർത്താവെന്ന നിലയില്‍ മണിയെ കോളജ് രേഖാമൂലം അറിയിച്ചിരിക്കുന്ന കാര്യങ്ങള്‍ ഇതാണ്. മതിയായ കാരണം ബോധിപ്പിക്കാതെ ആർഷോ ദീർഘനാളായി ക്ലാസില്‍ ഹാജരാകുന്നില്ല. ആർക്കിയോളജി വകുപ്പ് മേഥാവി തന്നെ ഇക്കാര്യം കോളേജിനെ അറിയിച്ചിട്ടുണ്ട്. കോളേജില്‍ എത്താത്തിൻറെ കാരണം ഒരാഴ്ചക്കുളളില്‍ അറിയിച്ചില്ലെങ്കില്‍ ഈ വിദ്യാർഥിയെ നോമിനല്‍ റോളില്‍ നിന്ന് നീക്കം ചെയ്യും എന്നാണ് നോട്ടീസില്‍ ഉളളത്. എന്നാല്‍ തൊട്ടുപിന്നാലെയാണ് ആറുസെമസ്റ്ററുകള്‍ പൂർത്തിയാക്കിയതിനാല്‍ എക്സിറ്റ് ഓപ്ഷൻ എടുക്കുകയാണെന്നറിയിച്ചുളള ആർഷോയുടെ ഈ മെയില്‍ കോളേജിന് കിട്ടിയിത്.
സാധാരണ ഗതിയില്‍ ഇൻറഗ്രേറ്റഡ് പിജി കോഴ്സുകളില്‍ ആറു സെമെസ്റ്ററുകളും പൂർണമായി ജയിച്ചെങ്കില്‍ മാത്രമേ എക്സിറ്റ് ഓപ്ഷൻ അനുവദിക്കൂ. ആർഷോയാകട്ടെ എല്ലാ പരീക്ഷയും ജയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എക്സിറ്റ് ഓപ്ഷൻ അനുവദിക്കാനാകില്ലെന്നാണ് വകുപ്പ് മേധാവിയടക്കം എത്തിച്ചേർന്ന നിലപാട്. ഇക്കാര്യത്തില്‍ വ്യക്തത തേടിയാണ് കോളേജ് അധികൃതർ സർവകലാശാലയോട് അഭിപ്രായം തേടിയിരിക്കുന്നത്. എന്നാല്‍ തൻറെ വീട്ടുകാർക്ക് കോളേജില്‍ നിന്ന് നോട്ടീസ് ഒന്നും ലഭിച്ചില്ലെന്നാണ് ആർഷോ സ്വകാര്യ ചാനലിനോട് പറഞ്ഞു.
Add Comment