Tech

ക്രോമിൽ വെബ് ടാസ്‌ക് ഓട്ടോമേഷൻ പ്രവർത്തനക്ഷമമാക്കിക്കൊണ്ട് ഗൂഗിൾ ‘പ്രോജക്റ്റ് ജാർവിസ്’ ഡിസംബറിൽ

ക്രോമിൽ വെബ് ടാസ്‌ക് ഓട്ടോമേഷൻ പ്രവർത്തനക്ഷമമാക്കിക്കൊണ്ട് ഗൂഗിൾ ‘പ്രോജക്റ്റ് ജാർവിസി’നെ ഡിസംബറിൽ അവതരിപ്പിച്ചേക്കാമെന്ന് റിപ്പോർട്ട്. കമ്പനി അതിൻ്റെ പ്രൈമറി ജെമിനി ലാർജ് ലാംഗ്വേജ് മോഡൽ (എൽഎൽഎം) ലോഞ്ചിനൊപ്പം കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ഐഐ ഏജൻ്റിനെ പ്രിവ്യൂ ചെയ്യാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.

ഉപയോക്താവിൻ്റെ കമ്പ്യൂട്ടർ സ്ക്രീനിൽ ദൃശ്യമാകുന്നതിൻ്റെ സ്ക്രീൻഷോട്ടുകൾ വിശകലനം ചെയ്തുകൊണ്ട് വെബ്പേജുകൾ ടൈപ്പുചെയ്യുക, ക്ലിക്ക് ചെയ്യുക, നാവിഗേറ്റ് ചെയ്യുക തുടങ്ങിയ പ്രവർത്തികൾ ചെയ്യാൻ കഴിവുള്ള ഒരു ഡിജിറ്റൽ അസിസ്റ്റൻ്റ് പോലെ പ്രൊജക്ട് ജാ‍ർവിസ് എന്ന എഐ പ്രവ‍ർത്തിക്കും. ഈ സാങ്കേതികവിദ്യയുടെ പ്രിവ്യൂ ഡിസംബറിൽ തന്നെ പുറത്തിറക്കുമെന്നാണ് റിപ്പോ‍ർട്ട്.

ക്രോം ബ്രൗസർ ഉപയോഗിച്ച് ഷോപ്പിംഗ്, ഫ്ലൈറ്റുകൾ ബുക്ക് ചെയ്യൽ തുടങ്ങിയ അടിസ്ഥാന ജോലികൾ ചെയ്യാൻ കഴിയുന്ന ‘പ്രൊജക്റ്റ് ജാർവിസ്’ എന്ന AI ഏജൻ്റിനെയാണ് ഗൂഗിൾ നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ട്. സ്‌ക്രീൻ എന്താണ് കാണുന്നതെന്ന് മനസിലാക്കാൻ പ്രൊജക്‌റ്റ് ജാർവിസ് അതിൻ്റെ ചിത്രങ്ങൾ എടുക്കുന്നു. തുടർന്ന് ടാസ്‌ക്കുകൾ ചെയ്യുന്നതിനായി ടൈപ്പ് ചെയ്‌ത് ക്ലിക്കുചെയ്യുന്നു. എന്നാൽ ഓരോ പ്രവർത്തനത്തിനും കുറച്ച് സെക്കൻഡ് എടുക്കും. ഇത് ക്രോമിൽ മാത്രം പ്രവർത്തിക്കുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് മൊബൈലിന് വേണ്ടിയാണോ ഡെസ്ക്ടോപ്പിന് വേണ്ടിയാണോ തയ്യാറാക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നില്ല.

ഇതിനിടെ ​ജെമിനി AI എഐയുടെ വിപുലീകരണത്തിനും ഗൂ​ഗിൾ പദ്ധതിയിടുന്നതായാണ് റിപ്പോ‍ർട്ട്. ഗൂഗിളിൻ്റെ അടുത്ത തലമുറ ചാറ്റ്‌ബോട്ട് മോഡലായ ജെമിനി എഐക്കും ഈ ഡിസംബറിൽ പുതിയ അപ്ഡേഷൻ ഉണ്ടാകുമെന്നാണ് റിപ്പോ‍ർട്ട്. ഗൂഗിൾ മീറ്റ്, ഫോട്ടോസ് തുടങ്ങിയ ആപ്പുകളിലേക്ക് ജെമിനിയെ ഇതിനകം സംയോജിപ്പിച്ചിട്ടുണ്ടെന്നാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതോടൊപ്പം ഡസൻ കണക്കിന് പുതിയ ഭാഷകൾ ഉൾപ്പെടുത്തുന്നതിനായി ജെമിനിയുടെ ഭാഷാ കഴിവുകൾ വികസിപ്പിച്ചതായും റിപ്പോ‍ർട്ടുണ്ടായിരുന്നു. എഐ ഗവേഷണ കമ്പനിയായ ആന്ത്രോപിക് അതിൻ്റെ ക്ലോഡ് എഐയുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കിയതിന് തൊട്ടു പിന്നാലെയാണ് ജാർവിസിനെ അവതരിപ്പിക്കാനുള്ള ഗൂഗിളിൻ്റെ നീക്കം. കമ്പ്യൂട്ടർ ലെവൽ കഴിവുകൾ ഉള്ള ആന്ത്രോപിക് എഐ ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വിവിധ സോഫ്‌റ്റ്‌വെയർ ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നു.