Politics Kerala

മോദിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക, ദുരന്തം പോലും രാഷ്ട്രീയവത്കരിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ ആഞ്ഞടിച്ച്‌ വയനാട്ടില്‍ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം.

ബി.ജെ.പി സർക്കാർ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന സമയത്ത് നമ്മള്‍ ജീവിക്കുന്നത് എല്ലാ ദുരിതങ്ങളും നേരിട്ടാണെന്ന് പ്രിയങ്ക പറഞ്ഞു. സമുദായങ്ങള്‍ക്കിടയില്‍ ഭയവും വിദ്വേഷവും വളർത്തി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നു.

മണിപ്പൂരില്‍ എന്താണ് നടക്കുന്നതെന്ന് നമുക്കറിയാം. രാജ്യത്ത് മുഴുവൻ ഭയവും വെറുപ്പും വിദ്വേഷവും പടർത്തുകയാണ്. ഭരണഘടനാ മൂല്യങ്ങളെ നിരന്തരം അട്ടിമറിക്കുന്നു. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കുന്നതിന് വേണ്ടിയാണ് രാജ്യത്ത് നയങ്ങള്‍ നടപ്പാക്കുന്നത്.

വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ ഫണ്ട് അനുവദിക്കാനോ ഇതുവരെയും തയ്യാറായില്ല. പിന്നെ എന്തിനാണ് നരേന്ദ്ര മോദി വയനാട്ടിലെത്തി ദുരന്ത ബാധിതരെ സന്ദർശിച്ചത്. ദുരന്തത്തെപോലും രാഷ്ട്രീയവത്കരിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് ലജ്ജാകരമാണ്.

മീനങ്ങാടി, പനമരം, പൊഴുതന എന്നിവിടങ്ങളിലെ തിരഞ്ഞെ‌ടുപ്പ് പ്രചാരണ പരിപാട‌ികളിലാണ് പ്രിയങ്ക ഇന്നലെ പങ്കെടുത്തത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മൻസൂർ അലി ഖാൻ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ,ശശി തരൂർ എം.പി, രമേശ് ചെന്നിത്തല തുടങ്ങിയവരും പങ്കെടുത്തു. ഇന്ന് കോഴിക്കോട്, നിലമ്ബൂർ നിയസഭാ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന നാല് സ്ഥലങ്ങളിലെ പ്രചാരണ പരിപാടിയില്‍ പ്രിയങ്ക പങ്കെടുക്കും.

പോരാട്ടത്തിന്റെ ചരിത്രമുള്ള ജനതയാണ് വയനാട്ടിലേത്. ബ്രിട്ടീഷുകാർക്കെതിരെ വയനാടൻ ജനത ശക്തമായി പോരാടി. മതസൗഹാർദ്ദത്തിന്റെ പാരമ്ബര്യവും ചരിത്രവുമാണ് വയനാട്ടിലേത്. ശ്രീനാരായണ ഗുരുവിന്റെ അനുയായികള്‍ എന്ന നിലയില്‍ വയനാട്ടിലെ ജനങ്ങള്‍ സൗഹൃദവും സ്‌നേഹവും കാത്തുസൂക്ഷിക്കുന്നു. എല്ലാവരും തന്റെ സഹോദരനെ വളഞ്ഞിട്ടാക്രമിച്ചപ്പോള്‍ വയനാടാണ് അദ്ദേഹത്തെ ചേർത്തണച്ചത്. അദ്ദേഹത്തിന് രാജ്യം മുഴുവൻ നടക്കാനുള്ള ഊർജം നല്‍കിയത് വയനാട്ടുകാരാണെന്നും പ്രിയങ്ക പറഞ്ഞു.