Kerala

പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍

പത്തനംതിട്ട: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍. അറസ്റ്റ് ചെയ്യാന്‍ പൊലീസിന് വിലക്കുണ്ടായിരുന്നില്ല. ഇനിയെങ്കിലും അറസ്റ്റ് ചെയ്യണം. നിയമപരമായാണ് മുന്നോട്ട് പോയത്, രാഷ്ട്രീയമായല്ല. ഭയമില്ലെന്നും സഹോദരന്‍ പ്രതികരിച്ചു.

പാര്‍ട്ടി നേതൃത്വത്തോട് ഒന്നും ആവശ്യപ്പെടാനില്ല. താന്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ല. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഗൂഢാലോചന പുറത്തുവരണം എന്നും സഹോദരന്‍ പ്രതികരിച്ചു. കുടുംബത്തെ സംബന്ധിച്ച് ആശ്വാസകരമായ വിധിയെന്ന് കുടുംബത്തിന്റെ അഭിഭാഷക സജിത പ്രതികരിച്ചു. പ്രതിക്ക് ഏത് സമയത്തും ഹാജരാവാം. അതില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അഭിഭാഷക പ്രതികരിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത്.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ പ്രധാന വാദം. ഏതു ഉപാധികളും അംഗീകരിക്കാം എന്നും സ്ത്രീയെന്ന പരിഗണന നല്‍കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയില്‍ അപേക്ഷിച്ചിരുന്നു. പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബ അഭിഭാഷകനും ദിവ്യയുടെ വാദങ്ങളെ കോടതിയില്‍ എതിര്‍ത്തിരുന്നു.