കണ്ണൂര്‍: പി പി ദിവ്യയുടെ മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിഭാഗം അഭിഭാഷകന് കെ വിശ്വന്. കോടതി വിധിയെ ബഹുമാനിക്കുവെന്ന് അദ്ദേഹം പറഞ്ഞു. ദിവ്യ ഒളിച്ചോടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും അഭിഭാഷകന് പറഞ്ഞു. കോടതി ആവശ്യപ്പെട്ടാല്‍ ഇന്ന് തന്നെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘കോടതി ഉത്തരവ് ബഹുമാനിക്കുന്നു. സ്വാഭാവികമായി തുടർനടപടികള്‍ സ്വീകരിക്കുക എന്നുള്ളതാണ് അഭിഭാഷകന് എന്ന നിലയ്ക്ക് എനിക്ക് കൈക്കൊള്ളാനുള്ളത്. വിധിപ്പകര്‍പ്പ് കിട്ടാത്ത ഘട്ടത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ കഴിയില്ല, രണ്ട് നിമിഷത്തിനകം ഒരു പ്രധാനപ്പെട്ട കേസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ല. അതുകൊണ്ട് കോടതി ഉത്തരവ് ലഭിച്ച ഉടനെ പരിശോധിച്ച ശേഷം തീരുമാനമെടുക്കും. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കും. കോടതി നിര്‍ദേശിച്ചാല്‍ ഇന്ന് തന്നെ ദിവ്യ ഹാജരാകുമെന്നും ഞങ്ങള്‍ അറിയിച്ചിരുന്നു. അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടില്ല. ഒരു പൊതു പ്രവര്‍ത്തക എന്ന നിലയ്ക്ക് അന്വേഷണവുമായി സഹകരിക്കും. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് വിധേയമാകേണ്ടി വരും. അത് സ്വാഭാവികമാണ്. ജാമ്യം ലഭിച്ചാലും ഇതാണ് അവസ്ഥ.
നീതി സംവിധാനവുമായി സഹകരിച്ചുപോവുക, അവരുടെ നിരപരാധിത്വം നിയമ വഴിയിലൂടെ തെളിയിക്കുക എന്നതാണ് സാധിക്കുക. ആ വഴി സ്വീകരിക്കും. വൈകാതെ കോടതിയെ സമീപിക്കും. നിലവിലുള്ള തെളിവുകളും മറ്റും പരിശോധിച്ച് സെഷന്‍സ് കോടതി കണ്ടെത്തിയിരിക്കുന്ന ഉത്തരവ് മുന്‍ കൂര് ജാമ്യാപേക്ഷയിലാണ്. മറ്റൊരു അവസരത്തില്‍ മറ്റൊരു ക്യാന്‍വാസിലാണ് കോടതി ഇതിനെ പരിശോധിക്കുക. കേസിന്റെ സ്വഭാവത്തിന് അനുസരിച്ചാണ് വിധി പറയുന്നത്. എനിക്ക് അവതരിപ്പിക്കാനുള്ള കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്’, അഭിഭാഷകൻ പറഞ്ഞു.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പിപി ദിവ്യയുടെ മുന്‍കൂർ ജാമ്യേപേക്ഷ തള്ളിയത്. ഒറ്റവാക്കിലായിരുന്നു കോടതി ഉത്തരവ്. ആത്മഹത്യാപ്രേരണക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ പ്രധാന വാദം. ഏതു ഉപാധികളും അംഗീകരിക്കാം എന്നും സ്ത്രീയെന്ന പരിഗണന നല്കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയില്‍ അപേക്ഷിച്ചിരുന്നു. പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബ അഭിഭാഷകനും ദിവ്യയുടെ വാദങ്ങളെ കോടതിയില്‍ എതിര്‍ത്തിരുന്നു.
Add Comment