എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം നേതാവ് പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റും പാലക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍.
‘ആത്മഹത്യ ആണെങ്കില്‍ ഒരു ആത്മഹത്യ കുറിപ്പുണ്ടാകില്ലേയെന്ന എ.ഡി.എം നവീൻ ബാബുവിന്റെ ജീവിത പങ്കാളിയായ തഹസീല്‍ദാർ ശ്രീമതി മഞ്ജുഷയുടെ വാക്കുകളില്‍ ഉണ്ട് എല്ലാം..’ -എന്നാണ് രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിനു താഴെ ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകണമെന്ന കമന്റുമായി നിരവധിപേർ വന്നിട്ടുണ്ട്.
തങ്ങളുടെ ജീവിതം നശിപ്പിച്ച ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു നവീന്‍ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ പ്രതികരിച്ചത്. വിധിയില്‍ സന്തോഷമില്ല, ആശ്വാസമാണ്. ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇതുവരെ അത്തരമൊരു നീക്കമുണ്ടായിട്ടില്ലെന്നും മഞ്ജുഷ ചൂണ്ടിക്കാട്ടി. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയെയും അധിക്ഷേപ പരാമർശം നടത്താൻ ദിവ്യക്ക് അവസരം നല്‍കിയ ജില്ല കലക്ടറുടെ നടപടിയെയും മഞ്ജുഷ രൂക്ഷമായി വിമർശിച്ചു. യാത്രയയപ്പ് യോഗത്തില്‍ അധിക്ഷേപ പരാമര്‍ശം പാടില്ലായിരുന്നുവെന്ന് പറഞ്ഞ് കലക്ടര്‍ക്ക് ഇടപെടാമായിരുന്നു. പ്രാദേശിക ചാനലിലെ വിളിച്ച് വരുത്തി വിഡിയോ റെക്കോഡ് ചെയ്യിപ്പിച്ചു. ഇതിലൊന്നും കലക്ടര്‍ ഇടപെട്ടില്ല. യാത്രയയപ്പ് വേദിയില്‍ പറയരുതെന്ന് പറഞ്ഞ് കലക്ടർക്ക് വിലക്കാമായിരുന്നു. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു.
നേരത്തെ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയത്. ഒക്ടോബർ 15നാണ് എ.ഡി.എം നവീൻ ബാബു പള്ളിക്കുന്നിലെ ക്വാർട്ടേഴ്സില്‍ ജീവനൊടുക്കിയത്. തലേന്ന് കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തില്‍ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ പ്രേരണ കേസ് ചുമത്തിയതിനെ തുടർന്ന് ഇവരെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സി.പി.എം നീക്കിയിരുന്നു.
കേസില്‍ തുടർ നടപടികള്‍ പൊലീസിന് സ്വീകരിക്കാമെന്നും പൊലീസിന് ഇക്കാര്യത്തില്‍ സ്വതന്ത്രമായി പ്രവർത്തിക്കാമെന്നും എല്‍.ഡി.എഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചിരുന്നു.
Add Comment