തിരുവന്തന്തപുരം: നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാർട്ടിയും സർക്കാരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാർട്ടി നിലപാട് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും സർക്കാർ നിലപാട് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ തന്നെ പറഞ്ഞതാണ് എന്നും മന്ത്രി പറഞ്ഞു. അന്വേഷണം നടക്കുന്ന ഒരു കേസ് എന്ന നിലയിലും മന്ത്രി സഭയിലെ അംഗമെന്ന നിലയിലും കൂടുതൽ അഭിപ്രായ പ്രകടനങ്ങൾക്കില്ലെന്നും നീതി പുലരട്ടെയെന്നും റിയാസ് പറഞ്ഞു. മുൻകൂർ ജാമ്യം കോടതി തള്ളിയ സാഹചര്യത്തിൽ പി പി ദിവ്യ പൊലീസിന് മുന്നിൽ കീഴടങ്ങുമോ എന്ന ചോദ്യത്തിന് അത് തീരുമാനിക്കേണ്ടത് അവർ തന്നെയാണ് എന്നായിരുന്നു പ്രതികരണം.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയത്. ഒറ്റവാക്കിലായിരുന്നു കോടതി ഉത്തരവ്. ആത്മഹത്യാപ്രേരണക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ പ്രധാന വാദം. ഏതു ഉപാധികളും അംഗീകരിക്കാം എന്നും സ്ത്രീയെന്ന പരിഗണന നല്‍കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയില്‍ അപേക്ഷിച്ചിരുന്നു. പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബ അഭിഭാഷകനും ദിവ്യയുടെ വാദങ്ങളെ കോടതിയില്‍ എതിര്‍ത്തിരുന്നു.
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ പൊലീസ് കേസെടുത്തത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ എത്തിയായിരുന്നു ദിവ്യ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ താമസ സ്ഥലത്തേക്ക് മടങ്ങിയ നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു.
Add Comment