ആപ്പിൾ ഐഫോണുകളുടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ കഴിഞ്ഞ ആറ് മാസത്തെ അപേക്ഷിച്ച് മൂന്നിരട്ടി വർദ്ധന. ഐഫോൺ നിർമ്മാണത്തിൽ ചൈനയെ ആശ്രയിക്കുന്നത് കുറച്ച് ഇന്ത്യയിൽ നിർമ്മാണം വർദ്ധിപ്പിക്കാൻ നേരത്തെ ആപ്പിൾ തീരുമാനിച്ചിരുന്നു. ഇന്ത്യയിൽ നിർമ്മിച്ച ആറ് ബില്യൺ ഡോളറിനടുത്തുള്ള ഐഫോണുകളാണ് കയറ്റുമതി ചെയ്തത്. ഒരു വർഷം മുമ്പ് കയറ്റുമതി ചെയ്ത ഐഫോണുകളുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നിരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2024 സാമ്പത്തിക വർഷത്തിൽ ഐഫോൺ കയറ്റുമതി 10 ബില്യൺ ഡോളറിനെ മറികടക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിൽ ഐഫോൺ നിർമ്മാണം ത്വരിതഗതിയിലാക്കാൻ നേരത്തെ ആപ്പിൾ തീരുമാനിച്ചിരുന്നു. മികച്ച പ്രാദേശിക പങ്കാളികളും വൈദഗ്ധ്യമുള്ള തൊഴിലാളികളും രാജ്യത്തെ മെച്ചപ്പെട്ട സാങ്കേതിക ശേഷിയുമെല്ലാം ഇതിനായി ഉപയോഗപ്പെടുത്താനായിരുന്നു ആപ്പിളിൻ്റെ പദ്ധതി. അമേരിക്കയും ചൈനയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചതിന് പിന്നാലെ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ആപ്പിളിൻ്റെ നീക്കത്തിൽ ഇന്ത്യ അങ്ങനെ നിർണ്ണായക പങ്കാളികളായിരിക്കുകയാണ്. തായ്വാന്റെ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പ്, പെഗാട്രോൺ കോർപ്പറേഷൻ, ഇന്ത്യയുടെ സ്വന്തം ടാറ്റ ഇലക്ട്രോണിക്സ് എന്നിവരാണ് ഇന്ത്യയിൽ ഐഫോൺ അസംബിൾ ചെയ്ത് ആപ്പിളിന് വിതരണം ചെയ്യുന്നത്.
ചെന്നൈയുടെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഫാക്സ്കോണിൻ്റെ ലോക്കൽ ഫാക്ടറിയിലാണ് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഐഫോണിൻ്റെ പകുതിയോളം അസംബിൾ ചെയ്യുന്നത്. ടാറ്റ ഇലക്ട്രോണിക്സ് കർണാടകയിലെ അവരുടെ ഫാക്ടറിയിൽ അസംബിൾ ചെയ്ത ഏതാണ്ട് 1.7 ബില്യൺ ഡോളറിൻ്റെ ഐഫോണുകളാണ് ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷമാണ് വിസ്ട്രോൺ ഗ്രൂപ്പിൽ നിന്ന് ടാറ്റ ഈ യൂണിറ്റ് ഏറ്റെടുത്തത്. ഇതിന് പിന്നാലെ ആപ്പിളിൻ്റെ ഫോണിന്റെ ആദ്യ ഇന്ത്യൻ അസംബിളറായി ടാറ്റ മാറുകയായിരുന്നു. ഐഫോണിന്റെ റീടെയ്ൽ വിലയെ അടിസ്ഥാനപ്പെടുത്തിയല്ല അസംബിളർമാർ കയറ്റി അയക്കുന്ന ഫോണികളുടെ മൂല്യം കണക്കാക്കുന്നത്, മറിച്ച് ഫാക്ടി ഗേറ്റ് വാല്യൂവിൻ്റെ അടിസ്ഥാനത്തിലാണ് കയറ്റുമതി ചെയ്ത ഫോണുകളുടെ മൂല്യം കണക്കാക്കിയിരിക്കുന്നത്.
ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഐഫോണിൻ്റെ പങ്ക് ഉയർന്നതോടെ ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതിയുടെ മൂല്യം ഈ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ അഞ്ചുമാസത്തിൽ 2.88 ബില്യണായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെഡറൽ ട്രേഡ് മിനിസ്ട്രിയുടെ ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടുകൾ. അഞ്ച് വർഷം മുമ്പ് അമേരിക്കയിലേയ്ക്കുള്ള ഇന്ത്യയുടെ സ്മാർട്ട് ഫോൺ കയറ്റുമതി വെറും 5.2 മില്യൺ ഡോളറിന്റേത് മാത്രമായിരുന്നു.
നിലവിൽ ഇന്ത്യയുടെ സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിളിൻ്റെ സാന്നിധ്യം ഏഴുശതമാനത്തിലും താഴെയാണ്. നിലവിൽ ചൈനീസ് ബ്രാൻഡുകളായ ഷവോമി, ഓപ്പോ, വിവോ എന്നിവയാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ മുൻനിര വിൽപ്പനക്കാർ.
Add Comment