Kerala

പാലക്കാട് കഞ്ചാവ് കേസിൽ വിധി; സുജി മോൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

പാലക്കാട്: കഞ്ചാവ് കടത്തിയ കേസിൽ പ്രതിയായ സുജി മോൾക്ക് 1 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴ അടക്കാത്ത പക്ഷം ഒരു മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും പാലക്കാട് സെക്കൻഡ് അഡിഷണൽ സെഷൻസ് കോടതി വിധിച്ചിട്ടുണ്ട്. 2017 ഡിസംബർ നാലിന് യാക്കര മലബാർ ആശുപത്രിയിൽ വെച്ച് കഞ്ചാവ് ബാഗിൽ നിന്നും കണ്ടെടുത്ത കേസിൽ പാലക്കാട് സെക്കൻഡ് അഡിഷണൽ സെഷൻസ് കോടതി ജഡ്ജി ഡി സുധീർ ഡേവിഡാണ് ശിക്ഷ വിധിച്ചത്.

കേസിലെ രണ്ടാം പ്രതിയാണ് സുജി മോൾ. കേസിലെ ഒന്നാം പ്രതിയായ വിപിൻ ദാസ് കേസിന്റെ വിചാരണക്കിടെ ഒളിവിൽ പോയിരിക്കുകയാണ്. 2017 ഡിസംബർ നാലിന് യാക്കര മലബാർ ആശുപത്രിയിൽ വച്ചാണ് ഇരുവരിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. ഒന്നാം പ്രതി വിപിൻ ദാസിൽ നിന്നും 1.070 കിലോയും രണ്ടാം പ്രതി സുജി മോളിൽ നിന്ന് 1.065 കിലോ കഞ്ചാവുമാണ് ടൗൺ സൗത്ത് പൊലീസ് കണ്ടെത്തിയത്. എസ് ഐ ആയിരുന്ന മുരളീധരൻ വി എസും, സി പി ഒ സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്തത്.

തുടർന്ന് കേസന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറും നിലവിൽ ഷൊർണൂർ ഡി വൈ എസ് പിയുമായിട്ടുള്ള ആർ മനോജ് കുമാർ ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്കൂട്ടർ മനോജ് കുമാർ, ശ്രീനാഥ് വേണു എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 9 സാക്ഷികളെ വിസ്തരിച്ച് 27 രേഖകൾ സമർപ്പിച്ചു. ജി എസ് സി പി ഒ ആഷിക്ക് റഹ്മാൻ, സൗത്ത് പൊലീസ് സ്റ്റേഷനിലെ ജി എസ് സി പി ഒ ബിനീഷ് കുമാർ എന്നിവരാണ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത്.