കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി പി ദിവ്യയെ കോടതി റിമാൻഡ് ചെയ്തതോടെ സിപിഐഎം കൂടുതൽ പ്രതിരോധത്തിൽ. ദിവ്യയ്ക്കെതിരെ സംഘടനാ നടപടി വേണമെന്നുള്ള ആവശ്യം പാർട്ടിയിൽ നിന്നും ശക്തമായിരിക്കുകയാണ്. തരം താഴ്ത്തലോ സസ്പെൻഷൻ നടപടിയോ ഉണ്ടായേക്കുമെന്നാണ് സൂചന. ഇന്ന് ചേരുന്ന സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവും.
അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ പുരോഗമിക്കുമ്പോഴും പാർട്ടി രഹസ്യമായി ദിവ്യയെ സംരക്ഷിക്കുന്നു എന്ന ആക്ഷേപം ഉയർന്നിരുന്നു. ദിവ്യയെ അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തതോടെ പാർട്ടിയും ദിവ്യയെ കൈവിട്ടേക്കും. സമ്മേളന കാലയളവിൽ അച്ചടക്കനടപടികൾ സ്വാഭാവികമല്ലെങ്കിലും അസാധാരണ സാഹചര്യം പരിഗണിച്ചായിരിക്കും തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാന കമ്മിറ്റിയെയും ജില്ലാ കമ്മിറ്റിയെയും അറിയിച്ചതിനു ശേഷം പ്രഖ്യാപിക്കാനാണ് സാധ്യത.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയത്. ഒറ്റവാക്കിലായിരുന്നു കോടതി ഉത്തരവ്. ആത്മഹത്യാപ്രേരണക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെയായിരുന്നു ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ പൊലീസ് കേസെടുത്തത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ എത്തിയായിരുന്നു ദിവ്യ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ താമസ സ്ഥലത്തേക്ക് മടങ്ങിയ നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു.
Add Comment