Kerala

രാഷ്ട്രീയത്തില്‍ സൗന്ദര്യത്തിന് സ്ഥാനമില്ല, പ്രിയങ്ക ഗാന്ധിയെ ഇന്ദിരാ ഗാന്ധിയോട് ഉപമിക്കുന്നതിനെ വിമര്‍ശിച്ച് ജി സുധാകരന്‍

ആലപ്പുഴ: വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയെ ഇന്ദിരാ ഗാന്ധിയോട് ഉപമിക്കുന്നതിനെ വിമര്‍ശിച്ച് ജി സുധാകരന്‍. രാഷ്ട്രീയത്തില്‍ സൗന്ദര്യത്തിന് സ്ഥാനമില്ലെന്ന് ജി സുധാകരന്‍ പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ മൂക്ക് ഇന്ദിരാ ഗാന്ധിയുടേത് പോലെയെന്ന് പറയുന്നതെന്തിനാണെന്ന് ചോദിച്ച ജി സുധാകരന്‍, ഒരുപാട് സൗന്ദര്യമുള്ളവരെ ജനങ്ങള്‍ക്കിഷ്ടമല്ലെന്നും പ്രതികരിച്ചു.

‘പ്രിയങ്ക ഗാന്ധിക്ക് ധൈര്യമുണ്ട്. സംസാരിക്കാനറിയാം. അവര്‍ പ്രവര്‍ത്തിച്ച് രക്ഷപ്പെടട്ടെ. മുടിയൊക്കെ ഇളക്കി അല്‍പ്പം വിയര്‍പ്പൊക്കെ ഒഴുക്കി പാവപ്പെട്ടവന്റെ അടുത്ത് പോയതാണെന്ന് തോന്നണ്ടേ. രാഷ്ട്രീയം സുഖജീവിതമാണോ? പാവപ്പെട്ടവരുടെ ഇടയില്‍ പ്രവര്‍ത്തിച്ച സത്യന്‍ മൊകേരിയെ പറ്റി ഒരക്ഷരം കൊടുക്കുന്നില്ല’, അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥ തെറ്റാണെന്ന് കോണ്‍ഗ്രസ് തുറന്നുപറയണം. ഉപതിരഞ്ഞെടുപ്പിന് കുടുംബവുമായി വരുന്നത് ശരിയല്ല. വയനാട് പ്രിയങ്ക ജയിക്കാന്‍ സാധ്യതയുണ്ടെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ സെമിനാറില്‍ സംസാരിക്കവെയായിരുന്നു ജി സുധാകരന്റെ പ്രതികരണം.

About the author

KeralaNews Reporter

Add Comment

Click here to post a comment