Kerala

പി പി ദിവ്യയെ സംരക്ഷിക്കുന്നത് സിപിഐഎം സംസ്ഥാന നേതൃത്വമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി പി ദിവ്യയെ സംരക്ഷിക്കുന്നത് സിപിഐഎം സംസ്ഥാന നേതൃത്വമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാര്‍ട്ടി സഹായത്തോടെ ദിവ്യ നിയമത്തെ വെല്ലുവിളിക്കാന്‍ ശ്രമിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഉപതിരഞ്ഞെടുപ്പ് ഉള്ളതുകൊണ്ടാണ് ദിവ്യയെ കോടതിയില്‍ ഹാജരാക്കിയത്. പൊലീസ് കസ്റ്റഡിയിലെടുത്തത് പോലുമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

മുഖ്യമന്ത്രി ഉത്തരം പറയണം. നിരപരാധിയെ ഇല്ലാതാക്കിയവരെ സംരക്ഷിച്ചത് എന്തിനാണ്? പാര്‍ട്ടി കാര്യമായ നടപടി എടുക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ഉന്നതരുടെ പരിരക്ഷ ദിവ്യയ്ക്ക് കിട്ടുന്നു. പിന്നില്‍ എംവി ഗോവിന്ദന്‍ ആയത് കൊണ്ടാണിത്. ദിവ്യയുടെ ബിനാമി ഇടപാടുകളില്‍ എംവി ഗോവിന്ദന്റെ പങ്ക് വ്യക്തമാക്കണം. പൊലീസ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കണം.

എഡിഎമ്മിന്റെ മരണം കൊലപാതകം തന്നെയാണ്. പാര്‍ട്ടി എന്തിനാണ് ദിവ്യയ്ക്ക് നിയമസഹായം നല്‍കിയത്. എഡിഎമ്മിനെ കള്ളനാക്കാന്‍ പ്രചാരണം നടന്നു. കളക്ടറുടെ മൊഴി പുറത്തുവന്നതില്‍ മന്ത്രി രാജന്‍ മറുപടി പറയണം. കണ്ണൂര്‍ കളക്ടറെ കേസില്‍ പ്രതി ചേര്‍ക്കണം. ആസൂത്രിത ഗൂഢാലോചനയാണ് നടന്നത്. സംഭവത്തില്‍ ബിജെപി സമരം ശക്തമാക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടാഴ്ചക്കകം നിലപാട് അറിയിക്കുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. പോസിറ്റീവായ സമീപനമാണ് സര്‍ക്കാരിനുള്ളത്. ലഭിച്ച 786 കോടി എന്തുചെയ്തുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

About the author

KeralaNews Reporter

Add Comment

Click here to post a comment