Tech

പോക്കറ്റ് ഫ്രണ്ട്ലിയായി പുതിയ മോഡൽ; ഐഫോൺ SE 4

2025ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ആപ്പിളിൻ്റെ ബഡ്ജറ്റ് ഫോണായ ഐഫോൺ SE 4ൻ്റെ പ്രത്യേകതകൾ ലീക്കായതായി റിപ്പോർട്ട്. പോക്കറ്റിന് താങ്ങാവുന്ന വിലയ്ക്ക് ആപ്പിളിൻ്റെ ഗുണമേന്മകളെല്ലാം ഉൾക്കൊള്ളുന്ന സ്മാർട്ട്ഫോൺ എന്നതാണ് ഐഫോൺ SE 4ൻ്റെ പ്രധാന ആകർഷണീയത. ആപ്പിളിൻ്റെ ഐഫോൺ 14നോട് സാദൃശ്യമുള്ള നിരവധി ഫീച്ചറുകൾ ഐഫോൺ SE 4ന് ഉണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഐഫോൺ SE 4ൻ്റെ വലിയ നിലയിലുള്ള ഉല്പാദനം ആപ്പിൾ ഡിസംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ SE 4ൻ്റെ ഏതാണ്ട് 8.6 മില്യൺ യൂണിറ്റുകൾ വരുന്ന വർഷത്തിൻ്റെ ആദ്യപാദത്തിൽ പുറത്തിറക്കിയേക്കും. ഐഫോൺ SE 4ൻ്റെ ലോഞ്ചിങ്ങ് 2025 മാർച്ചിലോ ഏപ്രിലിലോ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

പുതിയതായി പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഐഫോൺ SE 4ൻ്റെ റീട്ടെയ്ൽ വില 499 ഡോളറിനും 549 ഡോളറിനും ഇടയിലായിരിക്കും. ഐഫോൺ SE 3യുടെ വിലയുമായി താരതമ്യപ്പെടുത്തിയാൽ ഐഫോൺ SE 4ൻ്റെ വില അൽപ്പം കൂടുതലാണ്. ഐഫോൺ SE 3യുടെ വില 429 ഡോളറാണ്. ഇന്ത്യയിൽ ഐഫോൺ SE 4ൻ്റെ വില 51,000 രൂപയ്ക്കും 56,000 രൂപയ്ക്കും ഇടയിലായിരിക്കുമെന്നാണ് അനുമാനം.

പഴയ ഐഫോൺ 8ൻ്റെ അടിസ്ഥാനത്തിലുള്ള പഴയ ഐഫോൺ SE സീരിസിൽ നിന്നും വ്യത്യസ്തമായി ഐഫോൺ XRൻ്റെയും മോഡലിനോട് കൂടുതൽ സാദ്യശ്യമുള്ള രൂപത്തിലാവും ഐഫോൺ SE 4 എത്തുക എന്നാണ് റിപ്പോർട്ട്. SE സീരിസുകൾക്ക് നേരത്തെ ഉണ്ടായിരുന്ന 4.7 ഇഞ്ച് ചെറിയ എൽസിഡി സ്ക്രീനിൽ നിന്നും മാറി കൂടുതൽ വലിപ്പമുള്ള 6.06 ഒഎൽഇഡി ഡിസ്പ്ലേയിലേയ്ക്കാണ് ഐഫോൺ SE 4 മാറുകയെന്നാണ് റിപ്പോർട്ട്. ഐഫോൺ 16ൻ്റെ ബേയ്സ് മോഡലിൽ ഉപയോ​ഗിച്ചിരിക്കുന്ന ആപ്പിളിൻ്റെ പുതിയ A18 ചിപ്സെറ്റായിരിക്കും ഐഫോൺ SE 4ൽ ഉണ്ടാവുക എന്നാണ് അഭ്യൂഹം.

മുൻമോഡലിലെ 4ജിബി റാമിൻ്റെ സ്ഥാനത്ത് SE 4ൽ 8ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഐഫോൺ 16 ലൈൻഅപ്പുകളുടെ മെമ്മറി സ്വഭാവത്തിലേയ്ക്ക് ഇതോടെ SE 4 മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. SE 3യിലെ 2,014mAH കപ്പാസിറ്റിയിൽ നിന്നും വ്യത്യസ്തമായി SE 4ൽ 3,279 ബാറ്ററി കപ്പാസിറ്റി ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. 20W ചാർജ്ജ് സ്പീഡും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. 48 മെഗാപിക്സലുള്ള സിംഗിൾ ലെൻസ് പിൻക്യാമറയാണ് SE 4നുണ്ടാകുക. സ്മാർട്ട് എച്ച്ഡിആറും നെറ്റ്മോഡും ഉൾപ്പെടെ ഉൾപ്പെടെയുള്ള ഫോട്ടോഗ്രാഫി സോഫ്റ്റ്‌വെയറും ഐഫോൺ SE 4ൽ ഉണ്ടാകും. സോഷ്യൽമീഡിയയിലെ ഫോട്ടോ ഉപയോഗത്തിന് പറ്റുന്ന ക്യാമറയെന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. സെൽഫിയെടുക്കാൻ 12 മെഗാപിക്സൽ ഫ്രണ്ട് കാമറയും ഐഫോൺ SE 4ൽ ഉണ്ടാകും.