മലപ്പുറം: ഭിന്നത രൂക്ഷമായതോടെ പരസ്യമായി ഏറ്റുമുട്ടി സമസ്തയിലെ ലീഗ് അനുകൂലികളും ലീഗ് വിരുദ്ധരും. സാദിഖലി തങ്ങള്‍ക്ക് എതിരെ ഉമര്‍ ഫൈസി മുക്കം പ്രസംഗിച്ച എടവണ്ണപ്പാറയില്‍ വെച്ച് തന്നെ ഉമര്‍ ഫൈസിക്ക് മറുപടി നല്‍കാന്‍ സമസ്തയിലെ ലീഗ് അനുകൂലികളുടെ നേതൃത്വത്തില്‍ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം ഏഴ് മണിക്കാണ് സമസ്ത ആദര്‍ശ വിശദീകരണ മഹാസമ്മേളനം സംഘടിപ്പിക്കുന്നത്. സ്വതന്ത്ര കൂട്ടായ്മയായ സുന്നി ആദര്‍ശ വേദിയുടെ നേതൃത്വത്തില്‍ കോഴിക്കോടും പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഉച്ചക്ക് രണ്ട് മണിക്ക് ആണ് കോഴിക്കോട്ടെ പരിപാടി.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ ഉമർ ഫൈസി മുക്കത്തിന്റെ പരാമർശമാണ് വിവാദങ്ങള്‍ക്ക് തുടക്കം. മുസ്ലിം മഹല്ലുകള്‍ നിയന്ത്രിക്കേണ്ടത് മത പണ്ഡിതന്മാര്‍ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യമെന്നും ഉമര്‍ ഫൈസി മുക്കം വിമര്‍ശിച്ചിരുന്നു. മഹല്ലുകളുടെ നിയന്ത്രണമുള്ള ഖാളി സ്ഥാനം സാദിഖലി തങ്ങള്‍ ഏറ്റെടുത്തതിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. പിന്നാലെ ഉമര്‍ ഫൈസി മുക്കത്തിനെതിരെ ലീഗ് രംഗത്തെത്തുകയായിരുന്നു.
ഇതിനിടെ ഉമര്‍ ഫൈസിക്ക് പിന്തുണയുമായി സമസ്തയിലെ ചില മുശാവറ അംഗങ്ങള്‍ രംഗത്തെത്തി. മതവിധി പറയുന്ന പണ്ഡിതര്‍ക്ക് എതിരെ പൊലിസ് നടപടി ഖേദകരമാണെന്നും, ഉമര്‍ ഫൈസിക്ക് എതിരെ നടക്കുന്ന ദുഷ്പ്രചാരണവും അംഗീകരിക്കാന്‍ കഴിയില്ല എന്നുമാണ് സമസ്തയുടെ 9 കേന്ദ്ര മുശാവറ അംഗങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കിയത്. ഉമര്‍ ഫൈസിയുടെ പ്രസ്താവനക്ക് സമസ്തയുമായി ബന്ധമില്ല എന്ന് സമസ്ത നേതൃത്വം വിശദീകരിച്ചിരുന്നു. എന്നാല്‍ ഉമര്‍ ഫൈസിക്ക് എതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ലീഗ് നേതൃത്വം.
Add Comment