Kerala

പൂരത്തിനിടെ ആംബുലൻസിൽ വന്നിറങ്ങിയെന്ന് സമ്മതിച്ച് സുരേഷ് ​ഗോപി

തിരുവനന്തപുരം: പൂരത്തിനിടെ ആംബുലൻസിൽ വന്നിറങ്ങിയെന്ന് സമ്മതിച്ച് സുരേഷ് ​ഗോപി എംപി. ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയില്ലായിരുന്നുവെന്നും അതിനാലാണ് ആംബുലൻസിൽ കയറിയതെന്നുമാണ് സുരേഷ് ​ഗോപിയുടെ വാദം.

15 ദിവസം കാല് ഇഴച്ചാണ് പ്രവർത്തനം നടത്തിയത്. ആംബുലൻസിൽ വന്നെന്ന് പറഞ്ഞ് പരാതി കൊടുത്തയാളുടെ മൊഴി പൊലീസ് എടുത്തെങ്കിൽ എന്താണ് കേസ് എടുക്കാത്തത്? ജനങ്ങളിലേക്ക് തെറ്റിദ്ധാരണ പരത്തുന്നത് പ്രചരിപ്പിക്കുന്നത് എന്തിനാണ്? എയർപോർട്ടിൽ കാർട്ട് ഉണ്ട്, എന്ന് കരുതി സുരേഷ് ഗോപി കാർട്ടിലാണ് വന്നതെന്ന് പറയുമോ? വയ്യായിരുന്നു. കാന കടക്കാൻ സഹായിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചില യുവാക്കളാണ്, അവർ എടുത്താണ് എന്നെ ആംബുലൻസിൽ കയറ്റിയത്, സുരേഷ് ​ഗോപി പറഞ്ഞു.

പൂരം കലക്കലിൽ കേസെടുത്തത് കരുവന്നൂർ തട്ടിപ്പ് മറയ്ക്കാനാണെന്നും അതിനായി പൂരമല്ല, അതിന്റെ വകഭേദങ്ങളും ഉപയോഗിക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. മുനമ്പം വിഷയം പോലെ പേടിയുണ്ടോ മാധ്യമങ്ങൾക്ക് സത്യം പറയാൻ. മാധ്യമങ്ങൾക്ക് രാഷ്ട്രീയം പ്രവർത്തിക്കാൻ അവകാശമില്ല. ഇതും അവഗണിക്കലാണ് എന്ന് പറയരുതെന്നും സുരേഷ് ​ഗോപി പറഞ്ഞു. കഴിഞ്ഞ ദിവസം ആംബുലൻസിൽ കയറിയതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മൂവ് ഔട്ട് എന്നായിരുന്നു സുരേഷ് ​ഗോപിയുടെ പ്രതികരണം. ചോ​ദ്യങ്ങൾക്ക് മറുപടി പറയാൻ സൗകര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പെട്രോളിയം മന്ത്രാലയത്തിൽ നിന്നുള്ള നിർദേശം കൃത്യ സമയത്ത് കൊടുത്തിട്ടുണ്ടെന്നും സുരേഷ് ​ഗോപി പറഞ്ഞു. ഈ വിഷയങ്ങൾ ഇന്നോ ഇന്നലെ തുടങ്ങിയതല്ല. മന്ത്രിക്ക് സമയം കൊടുക്കൂ. റിപ്പോർട്ട് വൈകുന്നതിൽ നമ്മൾ എങ്ങനെ നിശ്ചയിക്കും ഇതാണ് പരിധി എന്ന്. നീതി കിട്ടാതെ എത്രയോ പേർ മരിച്ചു പോകുന്നു. ഒരു മുഖ്യമന്ത്രിയും മന്ത്രിയും ഇതിലൊക്കെ ഒരു പാതകം ചെയ്യുമെന്ന് കരുതുന്നില്ല.

ഇന്നലെയും പെട്രോളിയം മന്ത്രിയുമായി സംസാരിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ നൽകിയ എല്ലാ എൻഒസികളും പരിശോധിക്കുന്നുണ്ട്. വിഷയത്തിൽ ജനങ്ങളുടെ നേരിട്ടുള്ള നിരീക്ഷണമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിവ്യയെ നശിപ്പിക്കണമെന്ന് പറയില്ല. അനീതി ഉണ്ടായിട്ടുണ്ടെങ്കിൽ ആവർത്തിക്കപ്പെടാതിരിക്കാൻ ശിക്ഷ ഉണ്ടാകണമെന്നും സുരേഷ് ഗോപി എംപി വ്യക്തമാക്കി.

About the author

KeralaNews Reporter

Add Comment

Click here to post a comment