Kerala

ലൈംഗികാരോപണ പരാതി; കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ സ്ഥാനത്തുനിന്ന് കോട്ടയിൽ രാജുവിനെ മാറ്റും

കൊല്ലം: കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ സ്ഥാനത്തുനിന്ന് കോട്ടയിൽ രാജുവിനെ മാറ്റും. സിപിഐയ്ക്ക് ചെയർമാൻ സ്ഥാനം നൽകാനാണ് സിപിഐഎമ്മിൻറെ തീരുമാനം. പുറത്ത് വന്ന ആരോപണങ്ങളിൽ കാര്യമായ ചർച്ച വേണ്ടെന്നും ജില്ലാ സെക്രട്ടറി നിർദ്ദേശം നൽകി. വിഷയം നേതൃത്വം ഗൗരവകരമായി പരിശോധിക്കും.

സിപിഐയ്ക്ക് ചെയർമാൻ സ്ഥാനം നൽകുന്നത് മുൻധാരണ പ്രകാരമെന്ന് വിശദീകരിക്കാനുമാണ് സിപിഐഎമ്മിൻറെ തീരുമാനം. കോട്ടയിൽ രാജുവിനെതിരെ നഗരസഭയിലെ തന്നെ താൽക്കാലിക വനിതാ ജീവനക്കാരി നൽകിയ ലൈംഗിക ആരോപണ പരാതിയിൽ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. നഗരസഭ ചെയർമാൻ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം.

ഭർത്താവിൻ്റെ ചികിത്സാ ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു സംഭവമെന്നാണ് യുവതി പറഞ്ഞത്. പണം വേണമെങ്കിൽ തൻ്റെ ഒപ്പം വരണമെന്ന് നഗരസഭ ചെയർമൻ ആവശ്യപ്പെട്ടെന്നും ഔദ്യോഗിക റൂമിൽ വെച്ച് അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും യുവതി പറഞ്ഞു. നിവർത്തികേടുകൊണ്ടാണ് ഭർത്താവിൻ്റെ ചികിത്സയ്ക്കായി ചെയർമാനെ സമീപിച്ചതെന്നും ചെയർമാനെ ചോദ്യം ചെയ്തതോടെ പിന്നീട് ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും ചെയർമാൻ ഇടപെട്ട് ജോലി സ്ഥലം മാറ്റിയെന്നും യുവതി പറഞ്ഞു.

കാലങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് താനും കുടുംബവും. പാർട്ടിയെ പ്രതിരോധത്തിലാക്കേണ്ട എന്നത് കൊണ്ടാണ് ഇത് വരെ പൊതുമധ്യത്തിൽ പ്രതികരിക്കാതിരുന്നത്. ആദ്യം സിപിഐഎം പ്രാദേശിക ഘടകങ്ങൾക്കും ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഇതോടെയാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതെന്നും യുവതി പറഞ്ഞിരുന്നു.