തൃശൂര്‍: ബിജെപി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആര്‍ക്കും എന്ത് ആരോപണവും ഉന്നയിക്കാം എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തകര്‍ സതീഷിന്റെ പേര് പരാമര്‍ശിച്ചപ്പോള്‍ ഏത് തിരൂര്‍ സതീഷ് എന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം.
കൊടകര കുഴല്‍പ്പണക്കേസ് എന്ന് ഒരു കേസില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. അങ്ങനെ ഒരു എഫ്‌ഐആര്‍ ഇല്ല. കൊടകര കവര്‍ച്ചാ കേസ് എന്ന് പറയണം. കേസില്‍ താന്‍ സാക്ഷിയാണ്. കവര്‍ച്ചാ കേസിനോടനുബന്ധിച്ച് ഇ ഡി അന്വേഷണം നടന്നതാണ്. അന്വേഷണം എവിടെ എത്തി എന്ന് തിരക്കേണ്ട കാര്യം തനിക്കില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
മുന്‍പ് തനിക്കെതിരെ പല ആരോപണങ്ങളും വന്നതാണ്. മൂക്കില്‍ വലിക്കുമെന്നാണ് അന്ന് പറഞ്ഞത്. തന്നെ ജയിലിലാക്കാന്‍ കുറേ പേര്‍ ശ്രമിച്ചു. കൊടകര ആരോപണത്തില്‍ എല്‍ഡിഎഫും യുഡിഎഫും തന്നെ വേട്ടയാടി. അതില്‍ താന്‍ ഭയപ്പെട്ടില്ല. പുതിയ ആരോപണം തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടാകാം. അതേക്കുറിച്ച് അന്വേഷിക്കാന്‍ തനിക്ക് സമയമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ വെട്ടിലാക്കുന്നതായിരുന്നു മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍. കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു.
ആരോപണത്തിന് തൊട്ടുപിന്നാലെ സതീഷിനെ തള്ളി ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍ രംഗത്തെത്തി. സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ആളാണ് തിരൂര്‍ സതീഷെന്നായിരുന്നു അനീഷ് കുമാര്‍ പറഞ്ഞത്. അതിന്റെ പേരിലുള്ള വൈരാഗ്യമാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. സതീഷിനെ ഇപ്പോള്‍ സിപിഐഎം കുത്തിപ്പൊക്കിക്കൊണ്ട് വന്നതാണ്. പണം കിട്ടിയാല്‍ സതീഷ് എന്തും ചെയ്യുമെന്നും കെ കെ അനീഷ് കുമാര്‍ ആരോപിച്ചിരുന്നു.
Add Comment