ബെംഗളൂരു: ഐപിഎൽ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോൾ താരമായത് സൂപ്പർതാരം വിരാട് കോഹ്ലി. കോഹ്ലിക്ക് നൽകിയത് 21 കോടി രൂപയാണ്. ഇതോടെ ഒരു ഇന്ത്യൻ താരം ഐപിഎല്ലിൽ നേടുന്ന ഏറ്റവും വലിയ തുകയായി ഇത് മാറി. ഇതാദ്യമായാണ് 20 കോടി രൂപക്ക് മുകളിൽ ഒരു ഇന്ത്യൻ താരത്തിന് ലഭിക്കുന്നത്.
കോഹ്ലിക്ക് ശേഷം ഉയർന്ന തുക വരുന്ന മറ്റ് ഇന്ത്യൻ താരങ്ങളെ കൂടി നോക്കാം. 18 കോടി നൽകി മുംബൈ ഇന്ത്യൻസ് ജസ്പ്രീത് ബുംറയെ നിലനിർത്തിയപ്പോൾ സൂര്യകുമാർ യാദവിനെ 16.35 കോടിക്കും ഹർദിക് പാണ്ട്യയെ 16.35 കോടിക്കും രോഹിത് ശർമ്മയെ 16.30 കോടിക്കും നിലനിർത്തി. കഴിഞ്ഞ തവണ ക്യാപ്റ്റനായിരുന്ന റിതുരാജ് ഗെയ്ക്വാദിനെ 18 കോടിക്കാണ് ചെന്നൈ നിലനിർത്തിയത്. ഡൽഹി ക്യാപിറ്റൽസ് 16.5 കോടിക്ക് അക്സർ പട്ടേലിനെയും ഗുജറാത്ത് ടൈറ്റൻസ് 16.5 കോടി ശുഭ്മാൻ ഗില്ലിനെയും നിലനിർത്തി. അതേസമയം 18 കോടി രൂപ നൽകിയാണ് സഞ്ജു സാംസണിനെയും യശസ്വി ജയ്സ്വാളിനെയും രാജസ്ഥാൻ റോയൽസ് നിലനിർത്തിയത്.
2017-2021 വരെ 17 കോടി രൂപയാണ് ആർസിബി കോഹ്ലിക്ക് നൽകിയിരുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിൽ കെഎൽ രാഹുലിന് ലഖ്‌നോ സൂപ്പർ ജയന്റ്‌സും 17 കോടി രൂപ നൽകിയിരുന്നു. കഴിഞ്ഞ സീസണിൽ ആസ്‌ട്രേലിയൻ താരങ്ങളായ മിച്ചൽ സ്റ്റാർക്കിനെ 24.75 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയതാണ് ഇതുവരെയുള്ള റെക്കോർഡ്. പാറ്റ് കമ്മിൻസിനെ 20.5 കോടിക്കാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് വാങ്ങിയത്. ഐപിഎൽ ചരിത്രത്തിൽ ആദ്യമായിരുന്നു താരങ്ങളുടെ വില 20 കോടി കടന്നത്. നിലവിൽ ടീമുകൾ നിലനിർത്തിയ താരങ്ങളിൽ ഏറ്റവും വിലയേറിയ താരം സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റർ ഹെന്റിച് ക്ലാസനാണ് -23 കോടി.
Add Comment