തിരുവനന്തപുരം: സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ ഉമർ ഫൈസിയുടെ വിമർശനത്തിന് പിന്നാലെ രൂക്ഷമായ സമസ്തയിലെ വിഭാഗീയത പരസ്യ പോരിലേക്ക്. മുക്കം ഉമർ ഫൈസിയെ സമസ്തയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയിലെ ലീഗ് അനുകൂല ചേരി പ്രമേയം പാസാക്കി. ഉമർ ഫൈസിക്ക് മറുപടിയുമായി മലപ്പുറം എടവണ്ണപ്പാറയിൽ സമസ്ത മേഖല കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ആദർശ സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്.
പാണക്കാട് കുടുംബത്തെ സമസ്തയിൽ നിന്ന് മാറ്റി നിർത്താൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ സമ്മേളനത്തിൽ പറഞ്ഞു. സമസ്തയുടെ വിലക്ക് മറികടന്ന് ചില മുശാവറ അംഗങ്ങൾ സംയുക്ത പ്രസ്താവനയിറക്കി.
സമ്മേളനം നടത്താൻ എം ടി അബ്ദുള്ള മുസ്ലിയാരോട് സമ്മതം തേടി. സമസ്തയിൽ ഇനി ഒരു പിളർപ്പ് ഉണ്ടാകില്ല. അതിന് വേണ്ടി ആരും കൊതിക്കേണ്ടെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. ഉമർ ഫൈസിയുടെ സിപിഐഎം ബന്ധം ഉയർത്തികാട്ടിയാണ് എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ കെ എ റഹ്മാൻ ഫൈസിയും സംസാരിച്ചത്. മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള ബന്ധം തകർക്കലാണ് വിവാദങ്ങളുടെ ലക്ഷ്യമെന്നും സിപിഐഎമ്മിനെ സഹായിക്കാൻ വേണ്ടിയാണ് ചിലർ സമാന്തര പ്രവർത്തനം നടത്തുന്നതെന്നും റഹ്മാൻ ഫൈസി പറഞ്ഞു. ആർഎസ്എസിനെ തടയാൻ സിപിഐഎമ്മിനേ കഴിയൂ എന്ന് ഉമർ ഫൈസി വെറുതെ പറഞ്ഞതല്ല. അത് സിപിഐഎമ്മിന് വേണ്ടി പറഞ്ഞതാണെന്നും റഹ്മാൻ ഫൈസി പറഞ്ഞു.
വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടന്ന് മുസ്ലിം ലീഗ് നേതൃത്വം നിലപാട് എടുത്ത സാഹചര്യത്തിൽ സമസ്തയിലെ ലീഗ് അനുകൂല-വിരുദ്ധ ചേരികളുടെ പരസ്യ പോര് നേതൃത്വത്തിന് തലവേദനയാകും.
Add Comment