തൃശൂർ: കൊടകര കള്ളപ്പണക്കേസിൽ സിപിഐഎം ബിജെപി നക്സസ് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുറത്തുവന്നിരിക്കുന്നത് ആധികാരികമായ വിവരങ്ങളാണ്. സംസ്ഥാന സർക്കാരിനും അവരുടെ അന്വേഷണസംഘത്തിനും പൊലീസിനും വ്യക്തമായി അറിയാം ഇത് ബിജെപി സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കൾക്ക് പങ്കാളിത്തമുള്ളതാണെന്ന്. ഒരു സമ്മർദ്ദവും കേന്ദ്ര സർക്കാരിന്റയോ ഏജൻസികളുടെയോ മേൽ സർക്കാർ ചുമത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കുഴൽപ്പണം തട്ടിപ്പറിച്ച് കൊണ്ടുപോയ കേസിൽ മുഖ്യ സാക്ഷി കൂടെയാണ് മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. ആധികാരികമായാണ് അദ്ദേഹം കാര്യങ്ങളെല്ലാം പറഞ്ഞത്. ബിജെപി സംസ്ഥാന പ്രസിഡന്റിനും ഈ കുഴൽപ്പണം കൊണ്ടുവന്നയാൾക്കും തമ്മിൽ ബന്ധമുണ്ട്. അയാൾക്ക് മുറിയെടുത്ത് കൊടുത്തിരുന്നു, ചർച്ച നടത്തിയിരുന്നു. എല്ലാ സൗകര്യവും ചെയ്ത് കൊടുത്തിരുന്നു. ഇത് അന്വേഷിച്ചാൽ കേരള പൊലീസിന് കൃത്യമായി അറിയാം ആ പണം എവിടേയ്ക്ക് കൊണ്ടുപോയി എന്നെല്ലാം. ഇതിനൊക്ക ഒരു ഉത്ഭവ സ്ഥാനം ഉണ്ടാകും. അതുപോലെ തന്നെ എത്തിച്ചേരേണ്ട ഒരു സ്ഥലവുമുണ്ടാകും.
കുഴൽപ്പണം പിടിക്കുമ്പോൾ പൊലീസും മറ്റ് സംവിധാനങ്ങളും ഈ രണ്ട് പോയിന്റുകളാണ്. പക്ഷേ ഇവിടെ കേരള പൊലീസ് ഇതൊന്നും പുറത്തുവിട്ടിട്ടില്ല. കുഴൽപ്പണമായി കൊണ്ടുവന്ന പണമാണ് ഒരു സംഘം തട്ടിക്കൊണ്ട് പോയത്. അതിന് കേസുണ്ട്. പക്ഷേ ഇത് ആരുടേതാണ് എന്ന് അറിയില്ല. കണക്കിൽപ്പെടാത്ത പണമാണ്. കോടികളാണ്. അതിൽ ആകെ മൂന്നര കോടി രൂപയാണ് പിടിച്ചത്. ബാക്കി പണം മുഴുവൻ തൃശൂരിലെ ഓഫീസിൽ കെട്ടിവെച്ച് ചിലവാക്കുകയാണ്. ബിജെപി സംസ്ഥാന നേതാക്കൾക്കും സംസ്ഥാന പ്രസിഡന്റിനും പങ്കാളിത്തമുള്ള ഒന്ന് തന്നെയാണിത്. എന്നിട്ട് ഇഡി എന്ത് നടപടിയാണ് സ്വീകരിച്ചത്. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇപ്പോൾ ഇഡി വന്നേനെ, പിഎംഎൽഎ ആക്ട് ചുമത്തിയേനെ. ഇതി കൃത്യമായും കള്ളപ്പണം വെളുപ്പിക്കലാണ്. പണം ആളുകൾ കൊണ്ടുപോകാറുണ്ട്. പക്ഷേ അതിന് കൃത്യമായ രേഖകൾ കൊടുത്താൽ മതി. ഇത് രേഖയില്ലാത്ത പണമാണ്, കള്ളപ്പണമാണ്, അത് മനസിലായിട്ടും ഒരു കേസ് പോലും, അന്വേഷണം പോലും മൂന്ന് വർഷം കഴിഞ്ഞിട്ടും നടന്നിട്ടില്ല.
സംസ്ഥാന സർക്കാരിനും അവരുടെ അന്വേഷണസംഘത്തിനും പൊലീസിനും വ്യക്തമായി അറിയാം ഇത് ബിജെപി സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കൾക്ക് പങ്കാളിത്തമുള്ളതാണെന്ന്. ഒരു സമ്മർദ്ദവും കേന്ദ്ര സർക്കാരിന്റയോ ഏജൻസികളുടെയോ മേൽ സർക്കാർ ചുമത്തിയിട്ടില്ല. സുരേന്ദ്രന്റെ രണ്ടാമത്തെ കേസിൽ ഒരു വർഷം കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും 17 മാസം കൊണ്ടാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇതോടെയാണ് അദ്ദേഹത്തെ ആ കേസിൽ നിന്നും ഒഴിവാക്കിയത്. ഈ രണ്ട് കേസിലും പൂർണമായ സംരക്ഷണമാണ് കേന്ദ്ര സംസ്ഥാന സർക്കാർ കൊടുത്തത്. ബിജെപി സിപിഐഎം നക്സസാണ്. ഞങ്ങൾ പറയുന്ന പല കാര്യങ്ങളും സത്യമായിക്കൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദൂതനായി എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത്, മുഖ്യമന്ത്രി മസ്കറ്റ് ഹോട്ടലിൽവെച്ച് ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയത്, പൂരം കലക്കാനും ബിജെപി സ്ഥാനാർത്ഥിയെ ജയിപ്പിക്കാനും വേണ്ടി ചെയ്ത നടപടികൾ ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങളിലൊന്ന് കുഴൽപ്പണക്കേസ് കൂടിയായിരുന്നു. കേസിൽ ഗൗരവതരമായ അന്വേഷണം നടക്കണം. ആരോപണം ഉന്നയിച്ചയാൾക്കെതിരെ ആരോപണം ഉന്നയിച്ചാൽ അത് ഇല്ലാതാകുന്നില്ലല്ലോ. ആധികാരിക വിവരങ്ങളാണ് പുറത്തുവന്നത്. ഏതായാലും മൂന്നരക്കോടിയുടെ കണക്കുണ്ടല്ലോ. ബാക്കി ഒമ്പതര കോടി അന്വേഷിച്ചാൽ മതിയല്ലോ. ആലപ്പുഴയ്ക്ക് മാത്രം മൂന്നര കോടി ഉണ്ടായിരുന്നുവെന്നത് വ്യക്തമാണ്. ബാക്കിയുള്ള ജില്ലകളിൽ എല്ലാം കൂടി എത്ര കോടികളാണ് വന്നതെന്ന് ഇപ്പോൾ വ്യക്തമാണല്ലോ’, വി ഡി സതീശൻ പറഞ്ഞു.
നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസും സർക്കാരും പൂർണ്ണമായും പി പി ദിവ്യക്കൊപ്പമാണെന്നും അദ്ദേഹം ആരോപിച്ചു. എന്തൊക്കെ നാടകങ്ങളാണ് അവരെ അറസ്റ്റ് ചെയ്ത് കൊണ്ട് നടത്തുന്നത്. ഇപ്പോൾ കളക്ടറെ കൊണ്ട് പറയിപ്പിച്ച് പുതിയ കേസുണ്ടാക്കാൻ നോക്കുകയാണ്. ആദ്യം അദ്ദേഹം മരിച്ചു. എല്ലാവരും ഞെട്ടി. പിന്നാലെ മുഖ്യമന്ത്രിയുടെ ഉപജാപക സംഘം അദ്ദേഹത്തെ അഴിമതിക്കാരനാക്കി ചിത്രീകരിക്കാൻ ശ്രമിച്ചു. അത് മാധ്യമങ്ങൾ പരാജയപ്പെടുത്തി. മാധ്യമങ്ങളാണ് ഒപ്പ് വ്യത്യസ്തമാണെന്ന് കണ്ടെത്തിയത്. അതിന് ശേഷം കളക്ടർ നൽകിയ റിപ്പോർട്ടിലോ റവന്യു വകുപ്പ് നൽകിയ റിപ്പോർട്ടിലോ ഒന്നും ഇല്ലാത്ത മൊഴി പൊലീസിന് കളക്ടർ കൊടുത്തുവെന്നാണ് പറയുന്നത്. ഇത് കള്ളമാണ്. മുഖ്യമന്ത്രിയെ കണ്ട് കഴിഞ്ഞിട്ടാണ് കളക്ടർ മൊഴി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കളക്ടറുമായി ആത്മബന്ധം ഇല്ലാത്തയാളാണ് എഡിഎം എന്ന് കുടുംബം വരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
‘സംഭവം നടക്കുന്ന സമയത്തെ കളക്ടറുടെ നിസ്സംഗത ചോദിക്കണ്ടേ. തന്റെ സഹപ്രവർത്തകനായ ഉദ്യോഗസ്ഥനെ അഴിമതിക്കാരനാക്കാൻ ശ്രമിക്കുമ്പോൾ അതൊരു യാത്രയയപ്പ് യോഗമാണെന്ന് കളക്ടർ പറയേണ്ടിയിരുന്നതല്ലേ. ഇതിന് ശേഷം ഒരു തെളിവും ഇല്ലാതായപ്പോൾ കളക്ടറുടെ മൊഴി കൊടുപ്പിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണിത്. അതിന് മുമ്പുള്ള ഒരു മൊഴിയിലും ഈ പരാമർശമുണ്ടായില്ല. ഇത്രയും ക്രൂരകൃത്യം ചെയ്ത ഒരാളെ രക്ഷിക്കാൻ ഏതറ്റം വരെയും പോകുകയാണ് സർക്കാർ. എന്ത് നീതിയാണ് നടപ്പിലാകുന്നത്. സർക്കാർ ജനങ്ങളെ നോക്കി കൊഞ്ഞനംകുത്തുകയാണ്. പാർട്ടിക്കാരോ ഒരു നീതി മറ്റുള്ളവരോട് വേറെ നീതി എന്ന് പറയുകയാണ്. എന്നിട്ട് പറയുന്നത് പാർട്ടി നവീന്റെ കുടുംബത്തോടൊപ്പമാണ് എന്നാണ്. എന്നാൽ കുടുംബം തന്നെ പറഞ്ഞു പാർട്ടി തങ്ങൾക്കൊപ്പം അല്ലെന്ന്.’
സർക്കാരിനെ വിമർശിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ നിരന്തരം നടപടികൾ സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏകാധിപതിയാണോ സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തനിക്കിഷ്ടപ്പെട്ട വാർത്തകൾ മാത്രം വന്നാൽ മതി എന്നാണോ. വിമർശിച്ചാൽ ജയിലിലിടും റെയ്ഡ് ചെയ്യും എന്ന് വരുത്തിതീർക്കാനുള്ള ശ്രമത്തിലാണ്. ഇത് തുടരുകയാണെങ്കിൽ പ്രതിപക്ഷം നിയമപരമായി സർക്കാരിനെ നേരിടുമെന്നും വി ഡി സതീശൻ പറഞ്ഞു.
Add Comment