തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിൽ കേരള പൊലീസ് ഇഡിയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പ്രതികരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തിരൂർ സതീഷിനെ സിപിഐഎം പണം കൊടുത്തു വാങ്ങിയെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. തിരൂർ സതീഷ് എന്തിന് നിരന്തരം മുൻമന്ത്രി എ സി മൊയ്തീനെ കണ്ടുവെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. വെളിപ്പെടുത്തലിൽ ബിജെപി പ്രതിരോധത്തിലല്ല. പിണറായി പൊലീസ് മാസങ്ങളോളം ആരോപണ വിധേയരെ ചോദ്യം ചെയ്തിരുന്നല്ലോയെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ചേലക്കരയിൽ അടിപതറാൻ പോകുന്നത് കൊണ്ടാണ് സിപിഐഎം പുതിയ ആരോപണവുമായി വരുന്നതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. സതീഷിൻ്റെ ആരോപണം വിശ്വസിക്കാനാവാത്തതാണെന്നും ഇക്കാര്യം അന്വേഷിക്കാതിരിക്കാൻ പിണറായി വിജയന്റെ കൈ പടവലങ്ങയായിരുന്നോയെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. ഒരു കെട്ടുകഥ ചമച്ചുണ്ടാക്കി അതിൻ്റെ പിറകിൽ യാത്ര ചെയ്യുകയായിരുന്നു ആഭ്യന്തര വകുപ്പെന്നും ശോഭാ സുരേന്ദ്രൻ വിമർശിച്ചു. ഈ ആരോപണം ബിജെപിയെ തകർക്കാനാണെന്നും കരുവന്നൂർ കേസിൽ ഒരു മുൻ മന്ത്രി അറസ്റ്റിലാകുമെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം കള്ളപ്പണം എത്തിച്ചത് കർണാടകയിലെ ഒരു എംഎൽഎയാണെന്നും സുരേന്ദ്രൻ അടക്കം പണം കൈകാര്യം ചെയ്തുവെന്നും കേരള പൊലീസ് ഇഡിയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിക്കുന്നു. 41.48 കോടി രൂപയാണ് കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ചതെന്ന് കള്ളപ്പണ ഇടപാടുകാരനും കേസിൽ പ്രതിയുമായ ബിജെപി പ്രവർത്തകൻ ധർമരാജൻ പൊലീസിനോട് പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ, സംഘടന സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ഗിരീശൻ നായർ എന്നിവർ കള്ളപ്പണം കൈകാര്യം ചെയ്തെന്ന് പൊലീസ് ഇഡിയ്ക്കുള്ള റിപ്പോർട്ടിൽ പറയുന്നുണ്ട്. 41.48 കോടി രൂപയാണ് കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ചതെന്നും ഒരു ബിജെപി നേതാവാണ് കൊടുത്തുവിട്ടതെന്നും മൊഴിയിലുണ്ട്.
അതേസമയം, കൊടകര കള്ളപ്പണക്കേസില്‍ താന്‍ നടത്തിയ വെളിപ്പെടുത്തലിലാണ് നേതൃത്വം മറുപടി നല്‍കേണ്ടതെന്ന് മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് പറഞ്ഞിരുന്നു. ജില്ലാ ഓഫീസില്‍ ചുമതലയുണ്ടായപ്പോള്‍ നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് അന്ന് പൊലീസില്‍ മൊഴി നല്‍കിയതെന്നും ഇനി യാഥാര്‍ത്ഥ്യം തുറന്നു പറയുമെന്നാണ് അദ്ദേഹം പറഞ്ഞത്. തന്നെക്കുറിച്ച് നേതൃത്വം പറഞ്ഞ കാര്യങ്ങള്‍ കളവാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പണം കൊണ്ടുവന്ന സമയത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും, ജില്ലാ പ്രസിഡന്റ് അനീഷ് കുമാറും ഓഫീസിലുണ്ടായിരുന്നില്ലെന്നാണ് സതീഷ് പറഞ്ഞത്. ‘ഞാനുന്നയിച്ച കാര്യം പാര്‍ട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ് സമയത്ത് പണം ഓഫീസില്‍ വന്നുവെന്നാണ്. അതിനാണ് മറുപടി നല്‍കേണ്ടത്. ഒരാള്‍ ഒരു കാര്യം വെളിപ്പെടുത്തുമ്പോള്‍ ഏത് പാര്‍ട്ടിക്കാരും ചെയ്യുന്നത് തന്നെയാണ് ബിജെപി നേതൃത്വം തനിക്കെതിരെ ചെയ്തത്. പണം കൊണ്ടുവന്ന സമയത്ത് അനീഷ് അവിടെയുണ്ടായെന്ന് പറഞ്ഞിട്ടില്ല. ധര്മരാജന് (മുഖ്യപ്രതി) ഓഫീസില്‍ വരുമ്പോള്‍ സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനുമുണ്ടായിരുന്നു. അന്ന് വരുമ്പോള്‍ വെറും കയ്യോടെയാണ് വന്നത്’, അദ്ദേഹം പറഞ്ഞത്.
Add Comment