Kerala

പി പി ദിവ്യയെ ചോദ്യം ചെയ്ത ശേഷം ജയിലിലേക്ക് മടക്കി എത്തിച്ചു

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് അറസ്റ്റിലായ പി.പി.ദിവ്യയെ പൊലീസ് ചോദ്യം ചെയ്ത ശേഷം ജയിലില്‍ തിരികെ എത്തിച്ചു. രാവിലെ 11 മുതല്‍ ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണി വരെയാണ് അന്വേഷണസംഘം ദിവ്യയെ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യല്‍ കഴിഞ്ഞ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയിട്ടാണ് ദിവ്യയെ കോടതിയില്‍ ഹാജരാക്കിയ ശേഷം വനിതാ ജയിലിലേക്ക് മടക്കി എത്തിച്ചത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വെളളിയാഴ്ച വൈകുന്നേരം വരെ ദിവ്യയെ കസ്റ്റഡിയില്‍ വിട്ടത്. അറസ്റ്റിലായ ദിവസം മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കിലും ദിവ്യ സഹകരിച്ചിരുന്നില്ല. തുടര്‍ന്ന് നടപടിക്രമങ്ങളുടെ ഭാഗമായാണ് പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് കാട്ടി അപേക്ഷ നല്‍കിയത്. രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് നല്‍കിയത്. എന്നാല്‍ ഒരു ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്.

അറസ്റ്റിലായ ദിവസം ചോദ്യം ചെയ്തതിനാല്‍ ഇനിയും കൂടുതല്‍ സമയം ആവശ്യമാണോയെന്ന് കോടതി ചോദിച്ചു. കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനു പിന്നാലെയാണ് നേരത്തേ ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിലാണ് കഴിഞ്ഞിരുന്നത്. അഭിഭാഷകന്‍ കെ.വിശ്വനാണ് ദിവ്യയ്‌ക്ക് വേണ്ടി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുളളത്.