Kerala

സരിന് പിന്തുണയുമായി ദളിത് കോൺഗ്രസ് നേതാവ്

പാലക്കാട്: ഏറെ നിർണായകമായ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. പിരായിരിയിൽ ദളിത് കോൺഗ്രസ് നേതാവും പിരായിരി മണ്ഡലം പ്രസിഡന്റുമായ കെ എ സുരേഷ് പാർട്ടി വിടുമെന്ന് സൂചന. ഷാഫി പറമ്പിലിന്റെ ഏകാധിപത്യ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നാണ് സൂചന. ഷാഫിയെ പിന്തുണയ്ക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരിഗണനയെന്നാണ് സുരേഷിന്റെ ആരോപണം. സരിനെ പിന്തുണയ്ക്കാനും, എൽഡിഎഫിന് വേണ്ടി പ്രവർത്തിക്കാനുമാണ് സുരേഷിന്റെ നീക്കം. ഇതിനായി ഉടൻ തന്നെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി സുരേഷ് ജില്ലാ സെക്രട്ടറിയെ കാണും.

കഴിഞ്ഞ ദിവസം പിരായിയിലെ കോൺഗ്രസ് നേതാക്കളായ മണ്ഡലം സെക്രട്ടറി ശശിയും ഭാര്യയും സിതാരയും സരിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഷാഫി പറമ്പില്‍ എംഎല്‍എ ആയപ്പോള്‍ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്നാണ് ഇരുവരും ആരോപിക്കുന്നത്.

ഷാഫി വോട്ടര്‍മാരെ ചതിച്ചെന്നും അവര്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനോട് എതിര്‍പ്പില്ലെന്നും എന്നാല്‍ ഷാഫിയുടെ നോമിനിയായ രാഹുലിന് പിന്തുണയില്ലെന്നും ശശിയും സിതാരയും പറഞ്ഞിരുന്നു. അതേസമയം ഇരുവരെയും അനുയിപ്പിക്കാന്‍ വി കെ ശ്രീകണ്ഠന്‍ എംപി നേരിട്ടെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. പിരായിരിയിലെ ഹോട്ടലില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്.