Kerala

അശ്വിനി കുമാറിന് നീതി ലഭിച്ചില്ല; ഒത്തുകളിയെന്ന് വത്സൻ തില്ലങ്കേരി

കണ്ണൂർ: കണ്ണൂരിലെ ആർഎസ്എസ് നേതാവായിരുന്ന അശ്വനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 13 പ്രതികളെ വെറുതെ വിട്ട് കോടതി. മൂന്നാം പ്രതി കുറ്റക്കാരനെന്നാണ് കോടതി വിധി. എം.വി മർഷൂക്ക്(40) ആണ് മൂന്നാം പ്രതി. അശ്വിനി കുമാറിന് നീതി ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ. കേസിൽ നിർഭാഗ്യകരമായ വിധിയാണുണ്ടായതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി വ്യക്തമാക്കി. തുടക്കം മുതൽ തന്നെ അന്വേഷണ സംഘം കേസ് അട്ടി മറിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എത്രയും പെട്ടെന്ന് കേസ് അന്വേഷിച്ച് അവസാനിപ്പിക്കാനുള്ള വ്യഗ്രതയാണ് അവർ കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

കേരള സമൂഹത്തെയൊന്നാകെ ഞെട്ടിച്ച കേസാണ് അശ്വിനി കുമാറിന്റെ കൊലപാതകം. ഒരു തെറ്റും ചെയ്യാത്ത ഒരാളെ പട്ടപ്പകൽ ബസിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. നിരവധി ദൃക്സാക്ഷികളടക്കമുള്ള കേസായിരുന്നു ഇത്. എന്നാൽ സമൂഹവും കുടുംബവും ആഗ്രഹിച്ച തരത്തിലുള്ള വിധിയല്ല വന്നതെന്നും വത്സൻ തില്ലങ്കേരി പ്രതികരിച്ചു. വിചാരണ വേളയിൽ പോലും കേസ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്നും വത്സൻ തില്ലങ്കേരി പ്രതികരിച്ചു.

വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷനും പ്രതികരിച്ചു. തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. ചാവശേരി സ്വദേശി മർഷൂക്കിനെയാണ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. പ്രധാന സാക്ഷികളായ നാല് പേർ കൃത്യത്തിൽ ഉൾപ്പെട്ട ഒമ്പത് പ്രതികളെയും തിരിച്ചറിയുകയും കോടതിയിൽ മൊഴി നൽകുകയും ചെയ്തിരുന്നുവെങ്കിലും വിധി നിരാശാജനകമായിരുന്നു.

2005 മാർച്ച് 10ന് രാവിലെ പത്തരയോടെയാണ് 27 കാരനായ അശ്വിനി കുമാർ കൊല്ലപ്പെടുന്നത്. കണ്ണൂർ ആർഎസ്എസ് ജില്ല ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്ന അദ്ദേഹം ഇരിട്ടി പ്രഗതി കോളേജിലെ അദ്ധ്യാപകൻ കൂടിയായിരുന്നു.കണ്ണൂരിൽ നിന്ന് പേരാവൂരിലേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു അശ്വനി കുമാർ. പയ്യഞ്ചേരി മുക്കിൽ വെച്ച് അക്രമി സംഘം ബസ് തടഞ്ഞു. ബസിലുണ്ടായിരുന്ന അക്രമികളും പിന്തുടർന്നെത്തിയ സംഘവും ചേർന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment