Kerala

മുനമ്പം പ്രശ്നത്തിൽ വ്യക്തത വേണം; മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മുനമ്പം പ്രശ്നത്തിൽ വ്യക്തത വേണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇന്നലെ ചേർന്ന മുസ്ലിം സംഘടനകളുടെ യോഗത്തിൽ മുനമ്പത്തെ പ്രദേശവാസികളെ സംരക്ഷിക്കണമെന്ന തീരുമാനമാണെടുത്തത്. അവർക്ക് നിയമപരമായ സംരക്ഷണം നൽകണം. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്ന ആളുകളാണ്. അവരുടെ സ്വത്തുക്കൾ നഷ്ടപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമപരമായി അത് ചെയ്ത്‌ കൊടുക്കേണ്ട ഉത്തരവാദിത്വം അധികാരികൾക്കാണ്. അത് ചെയ്യാൻ സർക്കാർ എടുക്കുന്ന നടപടികൾക്കും പൂർണ പിന്തുണ നൽകും. വിഷയത്തിൽ ചില വർഗീയ കക്ഷികൾ മുതലെടുപ്പ് നടത്താൻ നോക്കുകയാണ്. സംസ്ഥാന സർക്കാർ വിചാരിച്ചാൽ ഒറ്റ ദിവസം കൊണ്ട് തീർപ്പാക്കാനാകും. സർക്കാരാണ് അതിന് മുൻകൈ എടുക്കേണ്ടത്. ഫാറൂക്ക് കോളേജിന് ഈ വിഷയത്തിൽ തർക്കമില്ല. സർക്കാർ ഇത് നീട്ടിക്കൊണ്ടു പോകാൻ പാടില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം മുനമ്പം ഭൂമി പ്രശ്നത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനകൾ രം​ഗത്തെത്തിയിരുന്നു. സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് മുനമ്പം ഭൂമി പ്രശ്‌നം പോകരുതെന്നും വിഷയം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും കോഴിക്കോട് വിളിച്ചു ചേർത്ത യോഗത്തിൽ സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചിരുന്നു. കോടതി നടപടികൾ നീണ്ടുപോകുന്ന സാഹചര്യമാണുള്ളതെന്നും കോടതിക്ക് പുറത്ത് വിഷയം ഒത്തുതീർപ്പിലെത്താൻ സർക്കാർ നടപടി തുടങ്ങണമെന്നും യോഗം ഐക്യകണ്‌ഠേന അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടിട്ടുണ്ട്.