Sports

ദയനീയ തോൽവിക്ക് പിന്നാലെ ചോദ്യങ്ങളുമായി സച്ചിൻ; ടീം ഇന്ത്യയ്ക്ക് രൂക്ഷ വിമർശനം

മുംബൈ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 0-3ന് തോറ്റതിന് പിന്നാലെ നിരവധിചോദ്യങ്ങളുമായി ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ഇന്ത്യ പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയതിന് പിന്നാലെ എക്സ് പോസ്റ്റിലൂടെയാണ് സച്ചിൻ ഇന്ത്യയുടെ മോശം പ്രകടനത്തെ വിമർശിച്ചതിനൊപ്പം ആത്മപരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.

‘നാട്ടിൽ 0-3ന് പരമ്പര നഷ്ടമാകുക എന്നത് തൊണ്ടതൊടാതെ വിഴുങ്ങാൻ അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ അക്കാര്യത്തിൽ പരിശോധന വേണം. എന്തുകൊണ്ടാണ് തോറ്റത്, തയ്യാറെടുപ്പുകളുടെ കുറവു കൊണ്ടാണോ, മോശം ഷോട്ട് സെലക്ഷനാണോ, അതോ പരിശീലന മത്സരങ്ങളുടെ കുറവുകൊണ്ടാണോ, ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണം. ശുഭ്മാൻ ഗിൽ ആദ്യ ഇന്നിംഗ്സിൽ തിരിച്ചടിക്കാനുള്ള തൻറെ മികവ് കാട്ടി. റിഷഭ് പന്താകട്ടെ രണ്ട് ഇന്നിംഗ്സിലും ഉജ്ജ്വലമായാണ് കളിച്ചത്. അവൻറെ ഫൂട്ട് വർക്ക് വെല്ലുവിളി നിറഞ്ഞൊരു പിച്ചിനെ മറ്റൊന്നാക്കി മാറ്റി. ആസാമാന്യ പ്രകടനമായിരുന്നു അവൻറേത്. വിജയത്തിൽ എല്ലാ ക്രെഡിറ്റും ന്യൂസിലൻഡിന് നൽകുന്നു. പരമ്പരയിൽ മുഴുവൻ സ്ഥിരതയാർന്ന പ്രകടനമാണ് നിങ്ങൾ പുറത്തെടുത്തത്. ഇന്ത്യയിൽ 3-0ന് പരമ്പര നേടാനാവുക എന്നത് കിട്ടാവുന്നതിൽ ഏറ്റവും മികച്ച ഫലമാണെ’ന്നും സച്ചിൻ എക്സ് പോസ്റ്റിൽ കുറിച്ചു.

ന്യൂസിലൻഡിനെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 25 റൺസിൻറെ തോൽവി വഴങ്ങിയിരുന്നു. 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്നാം ദിനം ലഞ്ചിനുശേഷം 121 റൺസിന് ഓൾ ഔട്ടായി. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് നാട്ടിൽ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങുന്നത്.