Politics

അമ്മയെ മോശമായി പറഞ്ഞയാൾക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നത് കെ മുരളീധരന്റെ ഗതികേടാണെന്ന് പത്മജ വേണുഗോപാല്‍

തിരുവനന്തപുരം: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത് കെ മുരളീധരന്‌റെ ഗതികേടാണെന്ന് സഹോദരിയും ബിജെപി നേതാവുമായ പത്മജ വേണുഗോപാല്‍. അമ്മയെ അത്രയധികം മോശമായി പറഞ്ഞയാളാണ് രാഹുല്‍. അങ്ങനെയൊരാള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയ പാര്‍ട്ടിയില്‍ ആത്മാഭിമാനത്തോടെ നില്‍ക്കാനാകില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ പത്മജ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വേഗം പറഞ്ഞുതീര്‍ക്കണമെന്നും വ്യക്തമാക്കി.

‘സന്ദീപ് വാര്യരുടെ പോസ്റ്റിനെ കുറിച്ച് അറിഞ്ഞിട്ടില്ല. പ്രചാരണത്തിന് ഇറങ്ങുമെന്ന് കഴിഞ്ഞ ദിവസം കേട്ടിരുന്നു. ഇപ്പോള്‍ ഇങ്ങനെ പറയുന്നു. ഏതാണ് സത്യമെന്ന് അറിയില്ല. അദ്ദേഹത്തെ പോലെ ഒരാള്‍ ഇങ്ങനെയൊക്കെ പറയുമെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. പ്രത്യേകിച്ച് ഈ സമയത്ത്. അദ്ദേഹത്തിന് എന്തെങ്കിലും മാനസിക പ്രയാസം പാര്‍ട്ടിയില്‍ നിന്നും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പെട്ടെന്ന് തീര്‍ക്കണം. തമ്മില്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കാന്‍ ശ്രമിക്കണം, എനിക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷേ പറഞ്ഞ് തീര്‍ക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. ബിജെപി പ്രശ്‌നങ്ങളെ പെട്ടെന്ന് പരിഹരിക്കാന്‍ ശ്രമിക്കും. എന്നാല്‍ കോണ്‍ഗ്രസില്‍ അങ്ങനെയല്ല. ഇതൊക്കെ പാര്‍ട്ടിയില്‍ സാധാരണമാണ് ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല എന്ന രീതിയാണ്. അത് അംഗീകരിക്കാന്‍ പറ്റില്ലല്ലോ. ഒരുപാട് കാലം പല നേതാക്കന്മാരുടേയും അടുത്ത് പ്രയാസങ്ങള്‍ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലെ എന്റെ അമ്മയെ അത്ര മോശമായി പറഞ്ഞ ഒരാള്‍ക്ക് സീറ്റ് കൊടുത്ത പാര്‍ട്ടിയില്‍ ആത്മാഭിമാനത്തോടെ എനിക്ക് നില്‍ക്കാന്‍ പറ്റുമോ. എനിക്ക് പറ്റില്ല. കാരണം ഞാനിത് രാഷ്ട്രീയമായി കാണുന്ന കാര്യമല്ല, എനിക്ക് അത് വ്യക്തിപരമാണ്.

രാഹുല്‍ മാങ്കൂട്ടത്തിലിന്‌റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സഹോദരന്റെ മനസ് എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് എനിക്കറിയാം. പണ്ട് അച്ഛനെയാണോ അമ്മയെയാണോ ഇഷ്ടം എന്ന് ചോദിക്കുമ്പോള്‍ ചേട്ടന് അമ്മയെയായിരുന്നു ഇഷ്ടം. ചേട്ടന്‍ ഒരു അമ്മക്കുട്ടിയായിരുന്നു. അമ്മയോടായിരുന്നു ലോകത്ത് ഏറ്റവും ഇഷ്ടം. എന്ത് വന്നാലും മുഖം കടുപ്പിച്ച് നില്‍ക്കുന്ന ചേട്ടന്‍ അമ്മ മരിച്ചപ്പോള്‍ കരഞ്ഞത് ഞാന്‍ കണ്ടു. അങ്ങനെയുള്ള ചേട്ടന്‍ രാഹുലിന് വേണ്ടി പ്രചാരണത്തിന് വരുമെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ ഗതികേടാണ്’, പത്മജ പറഞ്ഞു. ഒരാള്‍ കൈകൊടുക്കാന്‍ പോകുമ്പോള്‍ അത് ഗൗനിക്കാതെ പോകുന്ന അല്‍പ്പത്തരം കോണ്‍ഗ്രസിന്റെ രീതിയല്ലെന്നും പത്മജ കൂട്ടിച്ചേർത്തു.