ന്യൂഡല്‍ഹി: മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ഉത്തരവ്. ജസ്റ്റിസ് പി എസ് നരസിംഹ, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
2022 സെപ്റ്റംബറില്‍ ജാമ്യം നല്കിയ ഉത്തരവിലെ വ്യവസ്ഥകളിലാണ് കോടതി ഇളവ് അനുവദിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ പത്തൊന്‍പതുകാരിയായ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സിദ്ദിഖ് കാപ്പന് ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കാപ്പനെതിരെ യുഎപിഎ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയിരുന്നു. രണ്ടരവര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം 2022 സെപ്റ്റംബറില്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
എല്ലാ തിങ്കളാഴ്ചയും പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നതിന് പുറമേ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്, കേസുമായി ബന്ധപ്പെട്ട ആരുമായി ബന്ധപ്പെടരുത്, പാസ്പോര്‍ട്ട് നല്‍കണം തുടങ്ങിയ വ്യവസ്ഥകളായിരുന്നു സുപ്രീംകോടതി മുന്നോട്ടുവെച്ചത്. ആദ്യത്തെ ആറാഴ്ചയ്ക്ക് ശേഷം കേരളത്തിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയെങ്കിലും തിങ്കളാഴ്ച പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പുവെയ്ക്കണമെന്ന വ്യവസ്ഥ തുടര്‍ന്നു.
Add Comment