India

കാനഡയിലെ ഭീകരാക്രമണം; ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതെന്ന് പ്രധാനമന്ത്രി

ഡൽഹി: കാനഡയിൽ ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാനഡ നീതിയും നിയമവാഴ്ചയും ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണ്. ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സമൂഹ മാദ്ധ്യമമായ എക്‌സിൽ കൂടെ പങ്കു വച്ച പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ കാനഡ ബന്ധം വഷളായതിനു ശേഷം ആദ്യമായിട്ടാണ്, ഇത്ര ശക്തമായ ഒരു പ്രതികരണം നരേന്ദ്ര മോദി നടത്തുന്നത്.

ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ തീവ്രവാദികൾ നടത്തിയ ആക്രമണത്തെ നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അപലപിച്ചിരുന്നു. ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഭീഷണികളിലൂടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.