Politics

കള്ളപ്പണം എത്തിച്ചെന്ന് ആരോപണം; കോൺഗ്രസ് നേതാക്കളുടെ മുറികളിൽ അർദ്ധരാത്രി പൊലീസ് പരിശോധന

പാലക്കാട്: തിരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലും മുറികളിലും അർദ്ധരാത്രി പൊലീസ് പരിശോധന. പാലക്കാട് കെപിഎം റീജൻസി എന്ന ഹോട്ടലിലായിരുന്നു പൊലീസ് പരിശോധന. വികെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയ നേതാക്കൾ ഹോട്ടലിൽ ഉണ്ടായിരുന്നപ്പോളാണ് മൂന്ന് നിലകളിലായി പൊലീസ് പരിശോധന നടത്തിയത്.

പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയത്. ഒരുഘട്ടത്തിൽ ഹോട്ടലിൽ തടിച്ച് കൂടിയ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. പൊലീസ് ഇടപെട്ടാണ് കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കിയത്. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എന്നിവരും ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ആരോപണം. വനിതാ പൊലീസ് ഇല്ലാതെ റൂമിൽ പോലിസ് ഇരച്ചു കയറിയെന്ന് ബിന്ദുകൃഷ്ണ ആരോപിച്ചു. ആദ്യ ഘട്ടത്തിൽ വനിതാ പൊലീസ് ഇല്ലാതെ വന്ന പൊലീസ് സംഘത്തിന് മടങ്ങിപ്പോകേണ്ടിവന്നു. എന്നാൽ പിന്നീട് വനിതാ പൊലീസുമായി വന്ന് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി. ബിജെപിക്കാരുടെ മുറിയിൽ പോലും കയറാത്ത പൊലീസ് നേതാക്കൾ കോൺഗ്രസ് പ്രവർത്തകർ താമസിക്കുന്ന മുറികളിൽ ഇരച്ചുകയറി എന്നും അവർ ആരോപിക്കുന്നു. പരിശോധനയിൽ പക്ഷെ ഒന്നും കണ്ടെത്താനായില്ല.

ഇതിനിടെ പൊലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ പൊലീസുമായി വാക്കേറ്റത്തിലേർപ്പെട്ടു. റൂം നമ്പർ 1005 പരിശോധിക്കണം എന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോൾ സ്ത്രീകൾ താമസിക്കുന്ന മുറി തുറക്കാൻ ആകില്ലെന്ന് നേതാക്കൾ പറഞ്ഞു. എന്നാൽ ഷാനിമോൾ ഉസ്മാൻ്റെ മുറിയിൽ പോലിസ് പ്രവേശിച്ച പൊലീസ് പരിശോധന നടത്തി.

എന്നാൽ മുറിയിൽ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് അറിഞ്ഞ ശേഷം ഒരു വനിതാ പൊലീസ് പ്രതിനിധിയെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവെക്കുകയും ചെയ്തു. ശേഷം ഷാനിമോൾ ഉസ്മാന്റെ മുറിയിൽ ഇലക്ഷൻ കമ്മീഷൻ പ്രതിനിധികളുടെ പരിശോധനയും ഉണ്ടായി. ഇതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുമായി രൂക്ഷമായ വാക്ക് തർക്കമാണ് ഉണ്ടായത്. ശേഷം ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് തന്നെ എഴുതിക്കൊടുത്തു. പൊലീസിന്റെ ഈ പാതിരാ പരിശോധന രാഷ്ട്രീയ കയ്യാങ്കളിക്ക് കൂടിയാണ് വഴിയൊരുക്കിയത്. സിപിഐഎം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവുമുണ്ടായി. പരസ്പരം വാദപ്രതിവാദങ്ങളുമായി സിപിഎം പ്രവർത്തകരും ബിജെപി പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയതോടെ സംഘർഷ സമാനമായ സാഹചര്യമായിരുന്നു പാലക്കാട് ഉടലെടുത്തത്.

About the author

KeralaNews Reporter

Add Comment

Click here to post a comment