Politics

മുറിയില്‍ പൊലീസ് പരിശോധന നടത്തിയ സംഭവം; വ്യാജ രേഖയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ്

പാലക്കാട്: ഹോട്ടല്‍ മുറിയില്‍ പൊലീസ് പരിശോധന നടത്തിയ സംഭവത്തില്‍ പൊലീസ് വ്യാജ രേഖയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ഷാഫി പറമ്പില്‍. പൊലീസ് കള്ളന്മാരേക്കാള്‍ പ്രശ്‌നമാണെന്നും റിപ്പോര്‍ട്ടില്‍ സമയമുള്‍പ്പെടെ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നടന്നത് തെമ്മാടിത്തരമാണെന്നും നിരന്തരമായി പൊലീസ് വാതിലില്‍ മുട്ടിയതായും കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.

പൊലീസ് കള്ളന്മാരേക്കാള്‍ പ്രശ്‌നമാണ്. റിപ്പോര്‍ട്ടില്‍ സമയം ഉള്‍പ്പെടെ തെറ്റായാണ് പൊലീസ് രേഖപ്പെടുത്തിയത്. രണ്ടാമത്തെ റിപ്പോര്‍ട്ടാണ് ആദ്യം നല്‍കിയത്. അതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‌റെ ഒപ്പില്ല. പൊലീസ് കള്ളക്കളി നടത്തുകയാണ്. സംഭവത്തെ നിയമപരവും രാഷ്ട്രീയപരവുമായി നേരിടും. വനിതകള്‍ താമസിക്കുന്ന മുറിയിലുള്‍പ്പെടെയാണ് പൊലീസ് പരിശോധന നടത്തിയത്. വനിതകള്‍ താമസിക്കുന്ന മുറിയില്‍ കയറാൻ പൊലീസിന് എന്ത് അവകാശമാണുള്ളത്. സര്‍പ്രൈസ് റെയ്ഡ് എന്നാണ് എഎസ്പി വിശേഷിപ്പിച്ചത്. ഒരറ്റം മുതല്‍ തുടങ്ങിയ റെയ്ഡ് അല്ല. പൊളിറ്റിക്കല്‍ ഡയറക്ഷന്‍ അനുസരിച്ചുള്ള പരിശോധനയാണ് നടന്നത്. പൊലീസിന്റേത് കേവലം നാടകം മാത്രമാണ്. പൊലീസ് ഹോട്ടലില്‍ റെയ്ഡ് നടത്തുമ്പോള്‍ സിപിഐഎം നേതാക്കള്‍ ഹോട്ടലിന് പുറത്ത് ഉണ്ടായിരുന്നു. നിതിന്‍ കാണിച്ചേരി ഉള്‍പ്പെടെ സിപിഐഎം നേതാക്കളുമായി സംസാരിച്ച ശേഷമാണ് പൊലീസ് മടങ്ങിയത്. മുറികളിൽ സൂക്ഷിച്ചിരുന്ന വനിതകളുടെ വസ്ത്രം ഉള്‍പ്പെടെ പുരുഷ പൊലീസ് ഉദ്യോഗസ്ഥരാണ് പരിശോധിച്ചത്. വിഷയത്തെ ഗൗരവമായി കാണും. പൊലീസ് ചൂതാട്ട കേന്ദ്രത്തിലല്ല വന്നത്, ഹോട്ടലിലാണ്. പൊലീസ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. എഡിഎമ്മും ഇലക്ഷന്‍ ടീമും എത്തിയത് പുലര്‍ച്ചെ 2.45ഓടെയാണ്. റെയ്ഡ് സിപിഐഎം-ബിജെപി തിരക്കഥയാണ്. യുഡിഎഫ് നേതൃത്വവുമായി കൂടിയാലോചിച്ച് വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു

പൊലീസ് ഉദ്യോഗസ്ഥര്‍ തുടരെ വാതിലില്‍ മുട്ടിയെന്നും നടന്നത് ശുദ്ധ തെമ്മാടിത്തരമാണ്. റിസപ്ഷനിലാണ് പൊലീസ് എത്തേണ്ടത്. റെയ്ഡിനെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ടതില്ല. 1005 മുറിയില്‍ താമസിച്ചത് ആരാണെന്ന് പോലും പൊലീസ് എഴുതിയിട്ടില്ല. ഉണ്ടായ ബുദ്ധിമുട്ടിന് പൊലീസിനെ അയച്ച രാഷ്ട്രീയ നേതൃത്വം മറുപടി പറയണം. വിട്ടുവീഴ്ചയ്ക്ക് തങ്ങള്‍ തയ്യാറല്ല. പത്തില്‍ ഷാഫിയുണ്ടോ ശ്രീകണ്ഠന്‍ ഉണ്ടോ എന്നൊക്കെയാണ് പൊലീസ് ചോദിച്ചതെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

സംഭവത്തില്‍ പൊലീസിനെതിരെ രാവിലെ പതിനൊന്ന് മണിക്ക് എസ്പി ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

വനിത പൊലീസില്ലാതെ മുറിയിലേക്ക് ഉദ്യോഗസ്ഥർ ഇരച്ചുകയറിയെന്ന വാദം ബിന്ദുകൃഷ്ണയും ഉന്നയിച്ചിരുന്നു. അതേസമയം ഹോട്ടലില്‍ നടന്നത് ഭാഗിക പരിശോധനയാണ്. 12 മുറികളില്‍ മാത്രമാണ് പരിശോധന നടത്തിയത്. ആകെ 42 മുറികളാണ് ഹോട്ടലിലുള്ളത്. രാഷ്ട്രീയ നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ മാത്രമാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഹോട്ടല്‍ കെട്ടിടം മുഴുവന്‍ പരിശോധിക്കണമെന്നായിരുന്നു എല്‍ഡിഎഫിന്‌റെയും എന്‍ഡിഎയുടെയും ആവശ്യം. സംഭവത്തില്‍ ഹോട്ടല്‍ മാനേജ്‌മെന്‌റ് പരാതി നല്‍കിയിട്ടുണ്ട്. ഹോട്ടലില്‍ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയെന്നാണ് പരാതി.

അതേസമയം പരിശോധനയിൽ പൊലീസിന് ഒന്നും കണ്ടെത്താനായിട്ടില്ല. ഒരുഘട്ടത്തിൽ ഹോട്ടലിൽ തടിച്ച് കൂടിയ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. പൊലീസ് ഇടപെട്ടാണ് കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കിയത്. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എന്നിവരും ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ആരോപണം. ആദ്യ ഘട്ടത്തിൽ വനിതാ പൊലീസ് ഇല്ലാതെ വന്ന പൊലീസ് സംഘത്തിന് മടങ്ങിപ്പോകേണ്ടിവന്നു. എന്നാൽ പിന്നീട് വനിതാ പൊലീസുമായി വന്ന് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി.

ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ പൊലീസുമായി വാക്കേറ്റത്തിലേർപ്പെട്ടു. റൂം നമ്പർ 1005 പരിശോധിക്കണം എന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോൾ സ്ത്രീകൾ താമസിക്കുന്ന മുറി തുറക്കാൻ ആകില്ലെന്ന് നേതാക്കൾ പറഞ്ഞു. എന്നാൽ ഷാനിമോൾ ഉസ്മാൻ്റെ മുറിയിൽ പ്രവേശിച്ച പൊലീസ് പരിശോധന നടത്തുകയായിരുന്നു. 1005 -ാം മുറിയിലായിരുന്നു ഷാനിമോൾ ഉസ്മാൻ താമസിച്ചിരുന്നത്. 3014-ാം മുറിയിലായിരുന്നു അഡ്വ. ബിന്ദു കൃഷ്ണ താമസിച്ചിരുന്നത്.