Kerala

വിദ്യാർഥികൾക്കടക്കം മയക്കുമരുന്ന് എത്തിക്കുന്നയാൾ പോലിസ് പിടിയിൽ

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ എം ഡി എം എ വില്‍പന പതിവാക്കിയ യുവാവിനെ പൊലീസ് പിടികൂടി.

ഓമശ്ശേരി സ്വദേശി മൂലങ്ങല്‍ പൂതൊടികയില്‍ ഹൗസില്‍ ആഷിക്ക് അലി (24) യാണ് വില്‍പ്പനക്കായി കൊണ്ടുവന്ന 4.25 ഗ്രാം എം ഡി എം എയുമായി പിടിയിലായത്. കള്ളന്‍തോട് ബസാറിന് സമീപത്തുവെച്ചാണ് ആഷിക്കിനെ പിടികൂടിയത്. ആവശ്യക്കാര്‍ വാട്സാപ്പിലൂടെ ബന്ധപ്പെട്ടാല്‍ ‘അതിവേഗം ഡെലിവറി’ നടത്തുന്ന ലഹരി കച്ചവടത്തിന് കൂടിയാണ് പൊലീസ് ഇതോടെ പൂട്ടിട്ടത്.

എൻ ഐ ടി പരിസരത്തും കട്ടാങ്ങലിലും വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും കുന്ദമംഗലം എസ്‌ ഐ രാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്. പിടിയിലായ ആഷിക്ക് അലി ലഹരി ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉപയോഗിക്കാന്‍ പണം കണ്ടെത്താനാണ് എം ഡി എം എ വില്‍പനക്കിറങ്ങിയത്. ആവശ്യക്കാര്‍ വാട്സാപ്പിലൂടെ ബന്ധപ്പെട്ടാല്‍ എന്‍ ഐ ടി, കട്ടാങ്ങല്‍ ഭാഗത്ത് റോഡരികില്‍ നില്‍ക്കാന്‍ പറഞ്ഞ് ബൈക്കിലോ, കാറിലോ അതിവേഗത്തില്‍ എത്തി മയക്കുമരുന്ന് കൈമാറി പോകുന്ന രീതിയാണ് ഇയാളുടേത്. കൂടുതല്‍ സംഘാംഗങ്ങളെ പറ്റിയുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഡന്‍സാഫ് എസ്‌ ഐ അബ്ദു റഹ്‌മാന്‍ കെ, ടീം അംഗങ്ങളായ അനീഷ് മൂസ്സേന്‍ വീട്, അഖിലേഷ് കെ, സരുണ്‍ കുമാര്‍ പി കെ, ലതീഷ് എം കെ, ഷിനോജ് എം, അതുല്‍ ഇ വി, അഭിജിത്ത് പി, ദിനീഷ് പികെ, മുഹമ്മദ് മഷ്ഹൂര്‍ കെ എം, കുന്ദമംഗലം സ്റ്റേഷനിലെ എസ്‌ ഐ ബാലക്യഷ്ണന്‍, എ എസ്‌ ഐ ലീന, ബിജേഷ്, ബിജു, വിപിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.