തിരുവനന്തപുരം: പാലക്കാട്ടെ കള്ളപ്പണ വിവാദത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കൊണ്ടുവരുന്ന പെട്ടികളിലെല്ലാം പണമാണെന്ന് തിരിച്ചറിയാനുള്ള ദിവ്യദൃഷ്ടി സിപിഐഎം നേതാക്കള്‍ക്കുണ്ടോ എന്ന് വി ഡി സതീശന് ചോദിച്ചു. ലോഡ്ജുകളില്‍ താമസിക്കുന്ന ആളുകള്‍ സാധാരണ തുണി കൊണ്ടുപോകുന്നത് ബാഗുകളിലാണ്. അല്ലാതെ സഞ്ചികളിലല്ല. പൊലീസിന്റെ കൈയിലെ ദൃശ്യങ്ങള്‍ ജില്ലാ സെക്രട്ടറി എങ്ങനെ കണ്ടുവെന്നും സുരേഷ് ബാബു എസ് പിയാണോ എന്നും വി ഡി സതീശന് ചോദിച്ചു.
പി പി ദിവ്യ വിഷയത്തില്‍ വ്യാജ പരാതി നിര്‍മിച്ചത് കണ്ടതാണെന്നും അതേ പോലെ വ്യാജ ആരോപണമാണ് ഇതെന്നും വി ഡി സതീശന് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിക്കോട് താമസിച്ച ഹോട്ടലില്‍ ഉണ്ടാകും നീല ട്രോളി. ഇതേ നീല ട്രോളി രാഹുലിന്റെ വാഹനത്തിന്റെ ഡിക്കിയിലും ഉണ്ടാകുമെന്നും വി ഡി സതീശന് പറഞ്ഞു. നാണംകെട്ട മന്ത്രിയും മന്ത്രിയുടെ അളിയനുമാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. കാര്യങ്ങള്‍ വഷളായിരിക്കുന്നത്. ട്രോളി കൊണ്ടുപോയിട്ടുണ്ടെങ്കില്‍ എന്തിനാണ് വനിതാ നേതാക്കളുടെ മുറികള്‍ പരിശോധിച്ചത്?. വനിതാ നേതാക്കളെ അപമാനിച്ചതിന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് കാണിച്ചുകൊടുക്കാം. മന്ത്രി പുറത്തിറങ്ങുന്നത് കാണണമെന്നും വി ഡി സതീശന് പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറി നാണം കെട്ട വര്‍ത്തമാനമാണ് പറയുന്നതെന്നും വി ഡി സതീശന് പറഞ്ഞു. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ഇത്തരം നാണം കെട്ട കളി കളിക്കും. കൊടകര കേസിലെ ജാള്യത മറയ്ക്കാനുള്ള സ്ക്രിപ്റ്റാണിത്. ബിജെപി-സിപിഐഎം നേതൃത്വം അറിഞ്ഞുള്ള റെയ്ഡാണ് നടന്നത്. അരങ്ങത്തെത്തും മുന്‍പ് നാടകം പൊളിഞ്ഞുവെന്നും വി ഡി സതീശന് പറഞ്ഞു.
Add Comment