India

രാഹുൽ ഗാന്ധിയുടെ വിദേശ പൗരത്വം; അന്വേഷണം ആരംഭിച്ച് സിബിഐ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച പരാതികളിൽ അന്വേഷണം ആരംഭിച്ച് സിബിഐ. മുതിർന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സമാനമായ വിഷയത്തിൽ അഹലബാദ് ഹൈക്കോടതിക്കു മുന്നിലുള്ള പൊതുതാൽപര്യ ഹർജിയിലാണ് ഏജൻസി നടപടി ആരംഭിച്ചിരിക്കുന്നത്. കർണാടകയിൽനിന്നുള്ള ബിജെപി പ്രവർത്തകനായ വിഘ്നേഷ് ശിഷിർ ആണ് രാഹുൽ ഗാന്ധിയുടെ വിദേശ പൗരത്വം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് കോടതിയിൽ ഹർജി നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം ഡൽഹി ഹൈക്കോടതിയെയും സമീപിച്ചിരുന്നു.

അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഇതേ വിഷയം മറ്റൊരു കോടതി കൂടി സമാന്തരമായി പരിഗണിക്കുന്നതു ശരിയല്ലെന്നാണ് ബിജെപി പ്രവർത്തകൻ സൂചിപ്പിച്ചത്. ഇക്കാര്യം ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു എന്നിവരുടെ ബെഞ്ച് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരേ കേസിൽ വിരുദ്ധമായ ഉത്തരവുകൾ വരാനുള്ള സാഹചര്യം സൃഷ്ടിക്കാൻ താൽപര്യപ്പെടുന്നില്ലെന്നാണ് കോടതി അറിയിച്ചത്. ഒരേ വിഷയത്തിൽ രണ്ട് സമാന്തരമായ ഹരജികൾ പാടില്ല. കേസുമായി ബന്ധപ്പെട്ട തുടർനടപടികളെ കുറിച്ചുള്ള സത്യവാങ്മൂലം അലഹബാദ് കോടതിയിൽ തന്നെ നൽകാമെന്നും ഡൽഹി ഹൈക്കോടതി വിഘ്നേഷിനെ അറിയിച്ചിരിക്കുകയാണ്.

എന്നാൽ, താൻ നൽകിയ പൊതുതാൽപര്യ ഹർജി അലഹബാദ് ഹൈക്കോടതിയുടെ മുന്നിലിരിക്കെ സമാനമായ വിഷയം ഡൽഹി ഹൈക്കോടതിയും പരിഗണിക്കരുതെന്ന് ബിജെപി പ്രവർത്തകൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒക്ടോബർ 24നാണ് കേസ് അവസാനമായി അഹലബാദ് കോടതി പരിഗണിച്ചതെന്നും സിബിഐ വിഷയം അന്വേഷിക്കുന്ന വിവരം അന്ന് അറിയിച്ചതാണെന്നും ഇദ്ദേഹം കോടതിയോട് പറഞ്ഞു. കേസ് നടപടികൾ വളരെ വേഗത്തിലാണ് മുന്നോട്ടുപോകുന്നതെന്നും വിഘ്നേഷ് പറഞ്ഞു. ഇക്കാര്യത്തിൽ സിബിഐയ്ക്കു മുന്നിൽ ഹാജരായിട്ടുണ്ട്. തന്റെ പക്കലുള്ള അതീവ രഹസ്യ തെളിവുകൾ കൈമാറുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളാണ് ഇപ്പോൾ സിബിഐ അന്വേഷിക്കുന്നത്. രാജ്യത്തെ വേറെയും ഏജൻസികൾ ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും ഡൽഹി ഹൈക്കോടതി രജിസ്ട്രാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ വിഘ്നേഷ് അറിയിച്ചു.

അതേസമയം, ഡൽഹി ഹൈക്കോടതിയുടെ നിർദേശപ്രകാരം അലഹബാദ് കോടതിക്കു മുന്നിലുള്ള ഹർജിയിൽ കക്ഷി ചേർന്നിരിക്കുകയാണ് സുബ്രഹ്‌മണ്യം സ്വാമി. ബിജെപി പ്രവർത്തകന്റെ ഹർജിയിൽ നടപടി സ്വീകരിച്ചോ എന്ന് നേരത്തെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചിരുന്നു. കേസ് വീണ്ടും പരിഗണിക്കാനായി ഡിസംബർ ആറിലേക്ക് മാറ്റിയിരിക്കുകയാണ്.

About the author

KeralaNews Reporter

Add Comment

Click here to post a comment