Politics

പാലക്കാട് കെപിഎം റീജന്‍സിയില്‍ കള്ളപ്പണ ഇടപാട് നടന്നു എന്ന് പകല്‍ പോലെ വ്യക്തം; കെ സുരേന്ദ്രന്‍

പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനും കോണ്‍ഗ്രസിനുമെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലക്കാട് കെപിഎം റീജന്‍സിയില്‍ കള്ളപ്പണ ഇടപാട് നടന്നു എന്ന് പകല്‍ പോലെ വ്യക്തമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതില്‍ പൊലീസ് അലംഭാവം കാണിച്ചെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

ഇന്നലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ പറഞ്ഞത് കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെ ജോമോനെ ഫോണില്‍ വിളിച്ചപ്പോഴാണ് കെപിഎം റീജന്‍സിയിലെ സംഭവം അറിഞ്ഞതെന്നായിരുന്നു. അതിന് ശേഷം പറഞ്ഞത് ജോമോന്റെ ഫോണില്‍ നിന്ന് സിഐയേ വിളിച്ച് കാര്യങ്ങള്‍ തേടി എന്നാണ്. ആ പറഞ്ഞതില്‍ ഒരു ശരികേടുണ്ട്. ജോമോനും രാഹുലും കെപിഎമ്മില്‍ തന്നെ ഉണ്ടായിരുന്നു. എല്ലാം സെറ്റില്‍ ചെയ്ത ശേഷമാണ് രാഹുല്‍ പോയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് വിവരം ലഭിച്ച് എത്തിയ പൊലീസ് കെപിഎം റീജന്‍സിയിലെ എല്ലാ മുറികളും പരിശോധിക്കാന്‍ തയ്യാറായില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സിസിടിവി പരിശോധിക്കണം എന്ന് ശ്രീകണ്ഠന്‍ തന്നെ ആവശ്യപ്പെട്ടതാണ്. എന്നാല്‍ പിറ്റേദിവസം ഉച്ചവരെ സിസിടിവി പരിശോധിക്കാന്‍ പൊലീസ് തയ്യാറായില്ല. പാര്‍ക്കിങ് മേഖലയിലെ അടക്കം സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചില്ല. കള്ളപ്പണ ഇടപാടുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ഇത്രയും ഗൗരവമുള്ള വിഷയം കൈകാര്യം ചെയ്യുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.